എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുന്നു. ഗ്രൂപ്പ് സിയിൽ ഹോങ്കോങ്,സിംഗപ്പൂർ, ബംഗ്ലാദേശ് എന്നിവർക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. തുടർ തോൽവികൾക്ക് ശേഷം നാലു ദിവസം മുൻപ് നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ മാലദ്വീപിനെ തോൽപ്പിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി.
തുടർച്ചയായ അഞ്ച് മത്സരങ്ങളിലെ ജയമില്ലാതിരുന്ന ഇന്ത്യക്ക് അവസാന മത്സരത്തിലെ ജയം ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച സുനിൽ ഛേത്രി തിരിച്ചെത്തിയതോടെ ഇന്ത്യയുടെ മുന്നേറ്റനിരക്ക് വീണ്ടും ശക്തി കൂടിയത് ഇന്നത്തെ മത്സരത്തിൽ നീലപ്പടക്ക് ആത്മിവിശ്വാസം നൽകും. തിരിച്ചെത്തിയ ശേഷം മാലദ്വീപിനെതിരേയുള്ള മത്സരത്തിൽ ഛേത്രി ഗോൾ നേടുകയും ചെയ്തിരുന്നു.
അതിനാൽ ഇന്ന് ബംഗ്ലാദേശിനെതിരേയും താരത്തിന് ഫോം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഫൈനൽ തേഡിൽ അറ്റാക്കിങ്ങിന്റെ കുറവ് പരിഹരിക്കാൻ വേണ്ടിയായിരുന്നു ഛേത്രിയെ പരിശീലകൻ മനോലോ മാർക്കോസ് തിരിച്ചു വിളിച്ചത്. അതേസമയം മികച്ച നിരയുമായിട്ടാണ് ബംഗ്ലാദേശ് എത്തുന്നത്. പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുനൈറ്റഡിന് വേണ്ടി കളിക്കുന്ന ഹംസ ചൗധരി ഇന്ന് ബംഗ്ലാദേശിനായി മത്സരിക്കുന്നുണ്ട്.
2015 മുതൽ ലെസ്റ്റർ സിറ്റി താരമായ ഹംസ വാട്ട്‌ഫോർഡിൽ ലോണിൽ കളിച്ചിരുന്നു. അവിടെ നിന്നാണ് ലോണിൽ ഷെഫീൽഡ് യുനൈറ്റഡിൽ എത്തിയത്. ഇംഗ്ലണ്ടിലാണ് താരം ജനിച്ചതും ജീവിക്കുന്നതുമെങ്കിലും പ്രത്യേക പൗരത്വം നൽകിയാണ് ബംഗ്ലാദേശ് വംശജനായ ഹംസയെ അവർ ടീമിലെത്തിച്ചിട്ടുള്ളത്. രാത്രി ഏഴു മണിമുതൽ ഷില്ലോങിലെ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.