കട്ടക്ക് കട്ടയായി മുന്നേറിക്കൊണ്ടിരുന്ന സന്തോഷ് ട്രോഫിയുടെ സെമി ഫൈനലിൽ മണിപ്പൂരിനെ വീഴ്ത്തി കേരളം ഫൈനലിൽ പ്രവേശിച്ചത് പരിശീലകൻ ബിബി തോമസ് നടത്തിയ സൂപ്പർ സബിന്റെ ഗുണംകൊണ്ടായിരുന്നു. രണ്ടാം പകുതിക്ക് ശേഷം 68ാം മിനുട്ടിൽ നിജോ ഗിൽബർട്ടിന് പകരക്കാരനായി കളത്തിലെത്തിയ മുഹമ്മദ് റോഷലിന്റെ ഹാട്രിക്കിന്റെ കരുത്തിൽ 5-1 ന് മണപ്പൂരിനെ തോൽപ്പിച്ച് ആധികാരികമായിട്ടായിരുന്നു കേരളം ഫൈനൽ ബർത്തുറപ്പിച്ചത്.
ഹൈദരാബാദ് എഫ്.സിയുടെ ഹോം ഗ്രൗണ്ടായ ഗച്ചിബൗളി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലായിരുന്നു സെമി മത്സരം നടന്നിരുന്നത്. ഇതുവരെ നടന്നിരുന്ന ഡക്കാൻ അരീനയിൽ നിന്ന് മാറിയതോടെ കളിക്കാൻ കൂടുതൽ സ്ഥലം ലഭിച്ചത് പോലെയായിരുന്നു ഇരു ടീമുകളും കളിച്ചത്. മത്സരം പുരോഗമിക്കവെ 22ാം മിനുട്ടിൽ നസീബ് റഹ്മാന്റെ ഗോളിൽ കേരളമായിരുന്നു മുന്നിലെത്തിയത്.
ഒരു ഗോൾ നേടി ലീഡെടുത്തതോടെ കേരളത്തിന് ആത്മിവിശ്വാസം വർധിച്ചു. എന്നാൽ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ മണിപ്പൂർ അക്രമം ശക്തമാക്കി. പലപ്പോഴും ഗോൾകീപ്പർ ഹജ്മലിന്റെ സമയോചിത ഇടപെടലായിരുന്നു കേരളത്തെ ഗോളിൽനിന്ന് രക്ഷിച്ചത്. എന്നാൽ 30ാം മിനുട്ടിൽ ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിൽ പന്ത് നിജോ ഗിൽബർട്ടിന്റെ കയ്യിൽ തട്ടിയതിന് റഫറി പെനാൽറ്റി വിധിച്ചു.
പെനാൽറ്റി ഗോളാക്കി മാറ്റിയ മണിപ്പൂർ ഉടൻതന്നെ സമനില നേടി. എന്നാൽ ആദ്യ പകുതിയുടെ അധിക സമയത്ത് മുഹമ്മദ് റിയാസ് നൽകിയ പാസ് കൃത്യമായി വലയിലെത്തിച്ച് മുഹമ്മദ് അജ്‌സൽ ആദ്യ പകുതിയിൽതന്നെ കേരളത്തിന് വീണ്ടും ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ മധ്യനിരയിൽ നിറഞ്ഞു കളിച്ചിരുന്ന നിജോ ഗിൽബർട്ടിന് ചെറിയ പരുക്കേൽക്കുകയും മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.
പിന്നെയും നിജോയെ കളിപ്പിച്ചാൽ ഉണ്ടാക്കുന്ന പ്രത്യാഘാതം മനസിലാക്കിയ പരിശീലകൻ നിജോയെ പിൻവലിച്ച് റോഷലിനെ കളത്തിലിറക്കുകയായിരുന്നു. ഈ സൂപ്പർ സബായിരുന്നു കേരളത്തിന്റെ വിജയത്തിലെ നിർണായകമായത്. കളത്തിലിറങ്ങി അധികം വൈകാതെ റോഷൽ തന്റെ ആദ്യ ഗോളും കേരളത്തിന്റെ മൂന്നാം ഗോളും മണപ്പൂരിന്റെ വലയിലെത്തിച്ചു.
സ്‌കോർ 3-1. രണ്ട് ഗോൾ ലീഡ് നേടിയതോടെ കേരളത്തിന് ഊർജം കൂടിയെങ്കിലും മണിപ്പൂർ ജീവൻമരണ പോരാട്ടവുമായി കേരള ഗോൾമുഖത്ത് ഭീതി വിതച്ചുകൊണ്ടിരുന്നു. മത്സരം പുരോഗമിക്കവെ പന്തുമായി കേരള താരങ്ങൾ മണപ്പൂരിന്റെ ബോക്‌സിലെത്തി. ബോക്‌സിൽ നടന്ന കൂട്ടപ്പൊരിച്ചിലൊനുടിവിൽ പന്ത് റോഷലിന്റെ കാലിൽ കിട്ടിയതും വലയിലെത്തിയതും ഒരുമിച്ചായിരുന്നു.
സ്‌കോർ 4-1. മൂന്ന് ഗോൾ വഴങ്ങിയതോടെ മണിപ്പൂർ തോൽവി മണത്തുവെങ്കിലും ആശ്വാസ ഗോളിനായി പൊരുതിക്കൊണ്ടിരുന്നു. ആറു മിനുട്ടായിരുന്നു റഫറി അധിക സമയം അനുവധിച്ചത്. ഈ സമയത്ത് കേരള താരത്തെ മണിപ്പൂർ പ്രതിരോധ താരം ബോക്‌സിൽ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്‌പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത റോഷലിന് പിഴച്ചില്ല.
റോഷലിന്റെ ഹാട്രിക്കും കേരളത്തിന്റെ അഞ്ചാം ഗോളുമായിരുന്നു അത്. അഞ്ചാം ഗോളും വലയിലെത്തിയതോടെ മണിപ്പൂർ തോൽവി സമ്മതിക്കുകയായിരുന്നു. അതിനിടെ കേരള പ്രതിരോധ താരം മനോജിന് രണ്ടാം മഞ്ഞക്കാർഡും ചുവപ്പ് കാർഡും ലഭിച്ചു. ഇതുവരെ കളിച്ച ഒറ്റ മത്സരവും തോൽക്കാതെയാണ് കേരളം ഫൈനലിലെത്തിയത്. നാളെ വെസ്റ്റ് ബംഗാളിനെയാണ് ഫൈനലിൽ കേരളം നേരിടുക.
വെസ്റ്റ് ബംഗാൾ ഫൈനലിൽ
ഹൈദരബാദ്: ഇന്നലെ നടന്ന ആദ്യ സെമി ഫൈനലിൽ സർവീസസിനെ തോൽപ്പിച്ചായിരുന്നു ബംഗാൾ ഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ 4-2 എന്ന സ്‌കോറിനായിരുന്നു ബംഗാൾ ജയിച്ചുകയറിയത്. സെമിയിൽ ജയം തേടി തുടക്കം മുതൽ ഇരു ടീമുകളും ശ്രദ്ധയോടെയായിരുന്നു കളിച്ചത്. എന്നാൽ ലഭിച്ച അവസരമെല്ലാം മുതലെടുത്ത ബംഗാൾ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളിന്റെ ലീഡ് നേടി.
മനോതോസ് മാജി (16), നറോ ഹരി (49), റോബി ഹൻസ, അഹ്മദ് മസുംദാർ (74) എന്നിവരായിരുന്നു ബംഗാളിനായി ലക്ഷ്യംകണ്ടത്. തോറ്റുകൊടുക്കാൻ മനസില്ലാത്ത സർവീസസ് രണ്ടാം പകുതിയിൽ ശക്തമായി പൊരുതി സ്‌കോർ 3-2 എന്ന നിലയിലെത്തിച്ചു. സമനിലക്കായി പൊരുതുന്നതിനിടെ ബംഗാൾ നാലാം ഗോളും നേടിയതോടെ സർവീസസ് തോൽവി സമ്മിതിക്കുകയായിരുന്നു.