ഐ.എസ്.എല്ലിൽ വീണ്ടും ജയമില്ലാതെ കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്നലെ നടന്ന എവേ മത്സരത്തിൽ ജംഷഡ്പുർ എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി.തകർത്തുകളിച്ചിട്ടും ജംഷഡ്പുർ ഗോൾ കീപ്പർ ആൽബിനോയുടെ മിന്നുന്ന പ്രകടനം ബ്ലാസ്‌റ്റേഴ്‌സിനെ തടയുകയായിരുന്നു. 14 കളിയിൽ 14 പോയിന്റുമായി പത്താമതാണ് ടീം.
അവസാന കളിയിൽനിന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. റുയ്‌വാ ഹോർമിപാമിന് പകരം പ്രീതം കോട്ടൽ തിരിച്ചെത്തി. ഗോൾ വലയ്ക്ക് മുന്നിൽ സച്ചിൻ സുരേഷ്. പ്രതിരോധത്തിൽ പ്രീതം കോട്ടൽ, സന്ദീപ് സിങ്, മിലോസ് ഡ്രിൻസിച്ച്, ഹുയ്‌ദ്രോം നവോച്ച സിങ്. മധ്യനിരയിൽ അഡ്രിയാൻ ലൂണ, ഫ്രെഡി ലല്ലാംമാവ്മ, ഡാനിഷ് ഫാറൂഖ്. മുന്നേറ്റത്തിൽ നോഹ സദൂയ്, കോറു, പെപ്ര എന്നിവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനായി ഇറങ്ങിയത്.
കളിയുടെ നാലാം മിനുട്ടിൽ ബ്ലാസ്‌റ്റേഴ്‌സ് ഗോളിന് അരികെയെത്തി. ജംഷഡ്പുർ പ്രതിരോധത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത് മുന്നേറിയ പെപ്ര നോഹയ്ക്ക് പന്ത് നൽകി. അപ്പോഴേക്കും ആൽബിനോ ജംഷഡ്പുരിന്റെ രക്ഷക്കെത്തി. തൊട്ടടുത്ത നിമിഷം നോഹയുടെ തകർപ്പൻ ഷോട്ട് ആൽബിനോ പിടിച്ചെടുത്തു. തുടർന്നും കളത്തിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു.
പെപ്രനോഹലൂണ സഖ്യം നിരന്തരം പന്തുമായി മുന്നേറി. എന്നാൽ നിറഞ്ഞുകളിച്ചെങ്കിലും ആദ്യപകുതിയിൽ പന്ത് വലയിലാക്കാനായില്ല. 61ാം മിനുട്ടിൽ പ്രതീക് ചൗധരിയായിരുന്നു ജംഷഡ്പുരിനായി ലക്ഷ്യം കണ്ടത്. എഴുപതാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് മാറ്റങ്ങൾ വരുത്തി. കോറുവിന് പകരം റെന്ത്‌ലെയിയും സന്ദീപിന് പകരം ഐബമ്പ ഡോഹ്‌ലിങ്ങുമെത്തി.
തുടർന്നും ജംഷഡ്പുർ ഗോൾ കീപ്പർ ബ്ലാസ്‌റ്റേഴ്‌സിന് വഴി നൽകിയില്ല. 83ാം മിനുട്ടിൽ ഡാനിഷ് പകരം കെ.പി രാഹുൽ എത്തി ആക്രമണനിരയ്ക്ക് മൂർച്ച കൂട്ടിയെങ്കിലും കേരളത്തിന് ഗോൾ മടക്കാനായില്ല. ജനുവരി അഞ്ചിന് പഞ്ചാബ് എഫ്.സിക്കെതിരേയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.