കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന സൗത്ത് സോൺ ഫുട്‌ബോൾ ചാംപ്യൻഷിപ്പിൽ എം.ജി സർവകലാശാല ചാംപ്യന്മാരായി.രണ്ടിനെതിരേ നാലു ഗോളുകൾക്കാണ് ആതിഥേയരായ കാലിക്കറ്റിനെ പരാജയപ്പെടുത്തി എം.ജി കിരീടം നേടിയത്. അവസാന റൗണ്ടിലെ ലീഗ് മത്സരങ്ങളിൽ രണ്ടു വിജയങ്ങളുമായി തുല്യരായിരുന്ന എം.ജി യും കാലിക്കറ്റും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ത്സരത്തിന്റെ ആവേശം കൂടി.
12ാം മിനുട്ടിൽ ഷംനാദ് കാലിക്കറ്റിന് ആദ്യ ഗോൾ നേടി. 38ാം മിനുട്ടിൽ അരുൺലാലിലൂടെ എം.ജി ഗോൾ മടക്കി സമനില പിടിച്ചു. മത്സരത്തിന്റെ 44ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി അക്ഷയ് ലക്ഷ്യത്തിലെത്തിച്ചതോടെ എം.ജി ഒരു ഗോളിന്റെ ലീഡ് നേടി. മത്സരം പുരോഗമിക്കവെ 63ാം മിനുട്ടിൽ എം.ജിയുടെ മൂന്നാം ഗോളും കാലിക്കറ്റിന്റെ വലയിലായി.
63ാം മിനുട്ടിൽ ഹരിശങ്കറായിരുന്നു ഗോൾ നേടിയത്. ആത്മവിശ്വാസം വിടാതെ പൊരുതിയ കാലിക്കറ്റ് 73ാം മിനുട്ടിൽ ഒരു ഗോൾ മടക്കി തിരിച്ചുവരാനുള്ള ശ്രമം നടത്തി. ആഷിഫായിരുന്നു കാലിക്കറ്റിനായി സ്‌കോർ ചെയ്തത്. സമനിലക്കായി കാലിക്കറ്റ് പൊരുതുന്നതിനിടെ എം.ജിയുടെ നാലാം ഗോളും കാലിക്കറ്റിന്റെ വലയിലായി. അക്ഷയ് ആന്റണിയായിരുന്നു സ്‌കോറർ. തോറ്റ കാലിക്കറ്റാണ് രണ്ടാ സ്ഥാനത്ത്. 4-1ന് അണ്ണാമലൈ യൂനിവേഴ്‌സിറ്റിയെ തോൽപ്പിച്ച് ജോയ് യൂനിവേഴ്‌സിറ്റി മൂന്നാം സ്ഥാനം നേടി.