ഇന്ത്യ-പാകിസ്ഥാൻ മത്സരം ഫെബ്രുവരി 23ന്
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ മത്സരക്രമം പുറത്തുവിട്ട് ഐ.സി.സി. ഫെബ്രുവരി 19ന് പാകിസ്ഥാൻ ന്യൂസിലൻഡ് മത്സരത്തോടെയാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാൻ, ന്യൂസിലൻഡ് തുടങ്ങിയവരുൾപ്പെട്ട ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരേയാണ് ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം.
23നാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം അരങ്ങേറുക. തുടർന്ന് മാർച്ച് രണ്ടിന് ഇന്ത്യ ന്യൂസിലൻഡിനെയും നേരിടും. ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷവേദിയായ ദുബൈയിലാണ് ഇന്ത്യയുടെ മത്സരങ്ങൾ അരങ്ങേറുക. ഗ്രൂപ്പ് ബിയിൽ അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകളാണുള്ളത്. മാർച്ച് രണ്ടിന് ഇന്ത്യ ന്യൂസിലൻഡ് പോരാട്ടത്തോടെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ അവസാനിക്കും.
തുടർന്ന് മാർച്ച് നാലിന് ആദ്യ സെമിയും അഞ്ചിന് രണ്ടാം സെമിയും നടക്കും. മാർച്ച് ഒൻപതിനാണ് ഫൈനൽ. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്കൊപ്പം ഒരു സെമി ഫൈനലും ദുബൈയിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. രണ്ടാം സെമി ഫൈനലും, ഫൈനലും ലാഹോറിൽ നടക്കും. എന്നാൽ ഇന്ത്യ ഫൈനലിലെത്തിയാൽ ദുബൈ ആയിരിക്കും കലാശപ്പോരിന് വേദിയാവുക. ഫൈനൽ ഉൾപ്പെടെ ഓരോ നോക്കൗട്ട് ഗെയിമുകൾക്കും റിസർവ് ദിനം അനുവദിച്ചിട്ടുണ്ട്.