കുട്ടിക്കളിമാറും മുമ്പേ ചതുരംഗക്കളത്തിലെ തന്ത്രങ്ങള്‍ക്കു പിന്നാലെ പാഞ്ഞവന്‍ ഇന്നെത്തിനില്‍ക്കുന്നത് ലോക ചാംപ്യന്‍ പട്ടത്തിലാണ്. ചെന്നൈ പൂനമല്ലിയിലെ വേലമ്മാള്‍ വിദ്യാലയത്തിലിരുന്ന് ചെസ്സിന്റെ ആദ്യ പാഠങ്ങള്‍ നുകര്‍ന്നവന്‍ കുറഞ്ഞകാലങ്ങള്‍ക്കിപ്പുറം ലോക ചാംപ്യന്‍ഷിപ്പില്‍ വിജയക്കൊടി പാറിച്ചിരിക്കുന്നു. ഇ.എന്‍.ടി വിദഗ്ധനായ ഡോ. രജനീകാന്തിന്റെയും മൈക്രോബയോളജിസ്റ്റായ ഡോ.പത്മയുടെയും മകനായി 2006 മെയ് 29ന് ചെന്നൈയിലായിരുന്നു ഗുകേഷ് ദൊമ്മരാജുവിന്റെ ജനനം. മാതാപിതാക്കള്‍ ആന്ധ്രാ പ്രദേശുകാരായിരുന്നെങ്കിലും ഗുകേഷ് വളര്‍ച്ച ചെന്നൈയിലായിരുന്നു. ഏഴാം വയസുമുതലാണ് ഗുകേഷ് ചെസിലേക്ക് തിരിയുന്നത്. ചെറുപ്പം മുതലേ ചെസ്സിനോട് താല്‍പര്യം കാണിച്ചുതുടങ്ങിയ ഗുകേഷ്, വേലമ്മാള്‍ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പരിശീലകന്റെ കീഴില്‍ ചെസ്സ് പഠിക്കുന്നത്. ഭാസ്‌കര്‍ എന്നായിരുന്നു ഗുകേഷിന്റെ ആദ്യ പരിശീലകന്റെ പേര്. ചെസ്സിന്റെ ബാലപാഠങ്ങള്‍ക്ക് ശേഷം സുഹൃത്തായ വിജയാനന്ദിന്റെ ചെസ് അക്കാദമിയിലേക്ക് ഗുകേഷിനെ അദ്ദേഹം റഫര്‍ ചെയ്തു. അവിടെ നിന്നും നിരന്തരമുള്ള കഠിന പ്രയത്‌നത്തിലൂടെയാണ് ഗുകേഷ് ലോകം വെട്ടിപ്പിടിക്കാനുള്ള യാത്ര ആരംഭിച്ചത്. കോച്ചിങ് സെന്ററില്‍ രാവിലെ ഒന്‍പതിന് തുടങ്ങുന്ന പരിശീലനം രാത്രി ഏറെ വൈകിയും തുടര്‍ന്നു. സമയവും മടുപ്പുമൊന്നും ആ ബാലനെ പിന്തിരിപ്പിച്ചില്ല.
2015ലാണ് ഗുകേഷ് ആദ്യമായി ഒരു ചെസ് ചാംപ്യന്‍ഷിപ്പ് ജയിക്കുന്നത്. അണ്ടര്‍9 ഏഷ്യന്‍ സ്‌കൂള്‍ ചാംപ്യന്‍ഷിപ്പിലായിരുന്നു ചെസിലെ താരത്തിന്റെ ആദ്യ കിരീടനേട്ടം. പിന്നീട് ഗുകേഷിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ലോകവേദികള്‍ രാജ്യത്തിന്റെ യശസുയര്‍ത്തി താരം നിറഞ്ഞുനിന്നു. 2018ല്‍ സ്‌പെയിനില്‍ നടന്ന വേള്‍ഡ് അണ്ടര്‍12 ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയ ഗുകേഷ് ആ വര്‍ഷം തന്നെ നടന്ന ഏഷ്യന്‍ യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണമെഡലുകളാണ് സ്വന്തം പേരിലാക്കിയത്. തുടര്‍ന്ന് 2019ല്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന പട്ടവും ഗുകേഷ് സ്വന്തമാക്കി. അന്ന് 12 വയസ്സും ഏഴുമാസവും 17 ദിവസവുമായിരുന്നു ഗുകേഷിന്റെ പ്രായം.2020 മുതല്‍ വിശ്വനാഥന്‍ ആനന്ദിന്റെ നേതൃത്വത്തിലുള്ള വിശ്വനാഥന്‍ ആനന്ദ് വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ്സ് അക്കാദമിയിലാണ് ഗുകേഷിന്റെ പരിശീലനം. 2021ല്‍ ജൂലിയസ് ബിയര്‍ ചലഞ്ചേഴ്‌സ് ചെസ് ടൂറും ഗെല്‍ഫാന്‍ഡ് ചലഞ്ചേഴ്‌സിലും ഗുകേഷ് വിജയക്കൊടി നാട്ടി.2022 ജൂലൈ 16ന്, ബിയല്‍ ചെസ് ഫെസ്റ്റിവല്‍ ഗ്രാന്‍ഡ്മാസ്റ്റേഴ്‌സ് ട്രയാത്‌ലോണിന്റെ മൂന്നാം റൗണ്ടില്‍ ക്വാങ് ലീമിനെ തോല്‍പ്പിച്ച് ഗുകേഷ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും 2700 എലോ റേറ്റിങ്് കടക്കുന്ന ആറാമത്തെ ഇന്ത്യന്‍ കളിക്കാരനുമായി.
2022ല്‍ തന്നെ രാജ്യത്തിന് അഭിമാനമായാണ് ഡബ്ല്യൂ.ആര്‍ മാസ്റ്റര്‍ ടൂര്‍ണമെന്റിന്റെ ഫസ്റ്റ് എഡിഷനില്‍ ഗുകേഷ് പങ്കെടുക്കുന്നത്. അവസാനറൗണ്ടില്‍ അമേരിക്കയുടെ ലിവോണ്‍ അറോണിയനോട് പരാജയപ്പെട്ടു. പിന്നീട് ചെസ്സ് വേള്‍ഡ് കപ്പില്‍ മാഗ്‌നസ് കാള്‍സണുമായും ഗുകേഷ് കൊമ്പുകോര്‍ത്തു.ഈ വര്‍ഷം, 2024 ഏപ്രിലില്‍ നടന്ന കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ ലോകത്തെ മുന്‍നിര താരങ്ങളോട് ഏറ്റുമുട്ടി ഗുകേഷ് ചരിത്രം കുറിച്ചു. 14 റൗണ്ട് നീണ്ട മത്സരത്തില്‍ അഞ്ച് വിജയവും എട്ടുസമനിലയും ഒരു തോല്‍വിയുമുള്‍പ്പെടെ ഒമ്പത് പോയിന്റ് നേടി കാന്‍ഡിഡേറ്റ് ചെസ്സില്‍ ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ജേതാവായി ഗുകേഷ് മാറി. 22ാം വയസില്‍ കാന്‍ഡിഡേറ്റ്‌സ് മത്സരം ജയിച്ച റഷ്യന്‍ താരം ഗൗരി കാസപറോവിന്റെ റെക്കോര്‍ഡാണ് ഗുകേഷ് മറികടന്നത്.