ഇന്നും സമനില തുടര്‍ന്നാല്‍ നാളെ ടൈ ബ്രേക്കര്‍
ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 13ാം ഗെയിമിലും സമനില പാലിച്ചതോടെ ഇന്ന് നടക്കുന്ന 14ാം ഗെയിം ഡി.ഗുകേഷിനും ഡിങ് ലിറനും അതി നിര്‍ണായകമായി. ഇന്ന് ഉച്ചക്ക് 2.30 മുതലാണ് മത്സരം ആരംഭിക്കുക. ഇന്നലെ നടന്ന 13ാം ഗെയിമില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 68 നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുവരും സമനില പാലിച്ചത്.
ചാംപ്യന്‍ഷിപ്പില്‍ ഇനി ഒരു മത്സരം മാത്രം ശേഷിക്കെ ഇരുവര്‍ക്കും നിലവില്‍ 6.5 പോയിന്റ് വീതമാണുള്ളത്. ആദ്യം 7.5 പോയിന്റ് നേടുന്നയാളാണ് ചാംപ്യനാവുക. സമനിലക്ക് .5 പോയിന്റും ജയത്തിന് ഒരുപോയിന്റുമാണ് ലഭിക്കുക. മത്സരം ഇന്നും സമനിലയിലായാല്‍ നാളെ ടൈ ബ്രേക്കര്‍ നടത്തിയാകും വിജയിയെ പ്രഖ്യാപിക്കുക.
ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. തുടര്‍ന്ന് തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ സമനിലയിലാവുകയായിരുന്നു. എന്നാല്‍ 11ാം ഗെയിമിലെ ജയത്തോടെ ഗുകേഷ് വീണ്ടും മുന്നിലെത്തി. പക്ഷെ, 12ാം ഗെയിമില്‍ തിരിച്ചടിച്ച് ഡിങ് ലിറന്‍ ഒപ്പമെത്തുകയായിരുന്നു.