ലാലിഗയിൽ റയൽ മാഡ്രിഡിന് തോൽവി. അത്ലറ്റിക് ബിൽബാവോയാണ് സ്പാനിഷ് വമ്പന്മാരെ കീഴടക്കിയത്. സൂപ്പർ താരം കിലിയൻ എംബാപ്പെ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു റയലിന്റെ പരാജയം.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 58ആം മിനുട്ടിൽ അലക്സ് ബെരെങ്കുവിന്റെ ഗോളിൽ ബിൽബാവോ ആദ്യ ഗോൾ നേടി. തുടർന്ന് സമനില ഗോൾ നേടാൻ ലഭിച്ച സുവർണാവസരം എംബാപ്പെ പാഴാക്കുകയായിരുന്നു. 68ആം മിനുട്ടിലാണ് പെനാൽറ്റി ലഭിച്ചത്. പോസ്റ്റിന്റെ വലതു ഭാഗത്തേക്ക് പെനാൽറ്റി തൊടുത്ത എംബാപ്പെക്ക് പിഴച്ചു. ബിൽബാവോ കീപ്പർ ജൂലെൻ അഗിരെസബിൽ പന്ത് അനായാസം തടുത്തിട്ടു.
എന്നാൽ 78ആം മിനുട്ടിൽ റയൽ സമനില ഗോൾ നേടി. ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമാണ് ബിൽബാവോ വല കുലുക്കിയത്. എന്നാൽ രണ്ട് മിനുട്ട് കൂടി പിന്നിട്ടതോടെ ബിൽബാവോ വീണ്ടും ലീഡെടുത്തു. 80ആം മിനുട്ടിൽ ഗോർകെ ഗുരുസെറ്റയാണ് ബിൽബാവോയുടെ വിജയ ഗോൾ നേടിയത്.
തോൽവിയോടെ ലാലിഗ പോയിന്റ് പട്ടികയിൽ റയൽ രണ്ടാം സ്ഥാനത്ത് തുടരുന്നു.