ഫുട്‌ബോളിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ദൗർഭാഗ്യം തുടരുന്നു. അടുത്തിടെയായി തോൽവിയും സമനിലയുമായി ഉഴലുന്ന സിറ്റിക്ക് ഇന്നലെയും വലിയ തോൽവി വഴങ്ങേണ്ടിവന്നു. അതും പ്രീമിയർ ലീഗിൽ. ടോട്ടൻഹാമായാരുന്നു എതിരില്ലാത്ത നാലു ഗോളിന് സിറ്റിയെ തോൽപിച്ചത്. തുടർച്ചയായ അഞ്ചാം തോൽവിയായിരുന്നു സിറ്റി ഇന്നലെ നേരിട്ടത്. ഇത്തിഹാദ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോൾപോലും തിരിച്ചടിക്കാൻ സിറ്റിക്ക് കഴിഞ്ഞില്ല.
മത്സരത്തിൽ 59 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച സിറ്റി 23 ഷോട്ടുകൾ എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തു. അതിൽ അഞ്ചെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. ജെയിംസ് മാഡിസന്റെ ഇരട്ട ഗോളായിരുന്നു ടോട്ടനത്തിന് മികച്ച ജയം സമ്മാനിച്ചത്. 13ാം മിനുട്ടിൽ മാഡിസണായിരുന്നു ടോട്ടനത്തിനായി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയതോടെ
ഗോൾ തിരിച്ചടിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾക്കിടെ കൃത്യമായ ഇടവേളകളിൽ സിറ്റിയുടെ പോസ്റ്റിൽ പന്തെത്തിക്കൊണ്ടിരുന്നു. അധികം വൈകാതെ 20ാം മിനുട്ടിൽ മാഡിസൻ രണ്ടാം ഗോളും നേടി ലീഡ് രണ്ടാക്കി ഉയർത്തി. ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ച ടോട്ടനം രണ്ടാം പകുതിയിലായിരുന്നു ബാക്കി രണ്ട് ഗോളുകളും നേടിയത്.
മത്സരം പുരോഗമിക്കവെ 52ാം മിനുട്ടിൽ പെഡ്രോ പോറോവിലൂടെ ടോട്ടനം ലീഡ് മൂന്നാക്കി ഉയർത്തി. മൂന്ന് ഗോൾ വഴങ്ങിയതോടെ സിറ്റി സമ്മർദത്തിലായി. ഒരു ഗോളെങ്കിലും മടക്കി തോൽവിയുടെ ഭാരം കുറക്കാൻ സിറ്റി ശ്രമിക്കുന്നതിടെ 93ാം മിനുട്ടിൽ നാലാം ഗോളും നേടി ഇത്തിഹാദിൽ ടോട്ടനം ജയം ഉറപ്പിക്കുകയായിരുന്നു. 12 മത്സരത്തിൽനിന്ന് 23 പോയിന്റുള്ള സിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.
11 മത്സരത്തിൽനിന്ന് 28 പോയിന്റുള്ള ലിവർപൂൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 2-1 എന്ന സ്‌കോറിന് ചെൽസി ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. നിക്കോളാസ് ജാക്‌സൺ (15), എൻസോ ഫെർണാണ്ടസ് (75) എന്നിവരായിരുന്നു ചെൽസിക്കായി ഗോൾ നേടിയത്. 4-1 എന്ന സ്‌കോറിന് വോൾവ്‌സ് ഫുൾഹാമിനെ മുട്ടുകുത്തിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിന് മാഞ്ചസ്റ്റർ സിറ്റി നോട്ടിങ്ഹാം ഫോറസ്റ്റിനെയും വീഴ്ത്തി. ബുകയോ സാക (15), തോമസ് പാർട്ടി (52), എതൻ ന്വാൻമറി (56) എന്നിവരായിരുന്നു ആഴ്‌സനലിനായി ലക്ഷ്യം കണ്ടത്.