ലാലിഗയിൽ ബാഴ്‌സലോണക്ക് സമനിലക്കുരുക്ക്. ഇന്നലെ നടന്ന എവേ മത്സരത്തിൽ സെൽറ്റവിഗോയാണ് ബാഴ്‌സയെ സമനിലയിൽ തളച്ചത്. 2-2 എന്ന സ്‌കോറിനായിരുന്നു മത്സരം അവസാനിച്ചത്. മത്സരത്തിൽ 60 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് ബാഴ്‌സലോണയായിരുന്നു. എന്നാൽ 82ാം മിനുട്ടിൽ മാർക്കസ് കസാഡോക്ക് ലഭിച്ച ചുവപ്പ് കാർഡായിരുന്നു കാറ്റാലൻമാർക്ക് തിരിച്ചടിയായത്.
15ാം മിനുട്ടിൽ റഫീഞ്ഞയിലൂടെ ബാഴ്‌സ മുന്നിലെത്തി. ആദ്യ പകുതിയിൽ പിന്നീട് ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിക്ക് ശേഷമായിരുന്നു മത്സരത്തിലെ മൂന്ന് ഗോളുകൾ പിറന്നത്. മത്സരം പുരോഗമിക്കവെ 61ാം മിനുട്ടിൽ ബാഴ്‌സലോണ ലീഡ് ഇരട്ടിയാക്കി. റോബർട്ട് ലെവൻഡോസ്‌കിയായിരുന്നു രണ്ടാം ഗോൾ നേടിയത്. എന്നാൽ ഉടൻ തന്നെ സെൽറ്റ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു.
84ാം മിനുട്ടിൽ ഗോൾസാലസിലൂടെ സെൽറ്റ ഒരു ഗോൾ മടക്കി തിരിച്ചുവരവിനുള്ള സൂചന നൽകി. 82ാം മിനുട്ടിന് ശേഷം ബാഴ്‌സലോണ പത്തു പേരുമായിട്ടായിരുന്നു മത്സരം പൂർത്തിയാക്കിയത്. ഈ അവസരം മുതലാക്കിയ സെൽറ്റി 86ാം മിനുട്ടിൽ രണ്ടാം ഗോളും നേടി സമനില പിടിച്ചു. ഹ്യൂഗോ ആൽവസായിരുന്നു സെൽറ്റയുടെ രണ്ടാം ഗോൾ നേടിയത്.
14 മത്സരത്തിൽനിന്ന് 34 പോയിന്റുള്ള ബാഴ്‌സലോമ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 29 പോയിന്റുണ്ട്. 27 പോയിന്റാണ് മൂന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന്റെ സമ്പാദ്യം. മറ്റൊരു മത്സരത്തിൽ 2-1 എന്ന സ്‌കോറിന് അത്‌ലറ്റിക്കോ മാഡ്രിഡ് അലാവസിനെ തോൽപ്പിച്ചു. അന്റോയിൻ ഗ്രിസ്മാൻ (76), അലക്‌സാണ്ടർ സൊറോത് (86) എന്നിവരായിരുന്നു അത്‌ലേറ്റികൾക്കായി സ്‌കോർ ചെയ്തത്. 4-1 എന്ന സ്‌കോറിന് ജിറോണ എസ്പാനിയോളിനെ തോൽപ്പിച്ചു.