Shopping cart

  • Home
  • Football
  • തിരിച്ചടിച്ച്‌ ജയം പിടിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌
Football

തിരിച്ചടിച്ച്‌ ജയം പിടിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌

കേരള ബ്ലാസ്റ്റേഴ്‌സിന് ജയം
Email :25

മുഹമ്മദൻസിനെ 2–1ന്‌ വീഴ്‌ത്തി

മുഹമ്മദൻസിനെ 2–1ന്‌ തകർത്ത്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്.സി ഐഎസ്‌എലിൽ മനോഹര ജയം സ്വന്തമാക്കി. ഒരു ഗോളിന്‌ പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ഒന്നാന്തരം തിരിച്ചുവരവ്‌. പകരക്കാരനായി എത്തിയ ക്വാമി പെപ്രയുടെ ഗോളിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഒപ്പമെത്തിയത്‌. പിന്നാലെ സ്‌പാനിഷുകാരൻ ഹെസ്യൂസ്‌ ഹിമിനെസ്‌ ഉശിരൻ ഹെഡറിലൂടെ ജയവുമൊരുക്കി. തുടർച്ചയായ മൂന്നാം എവേ മത്സരത്തിലും തോൽവിയറിയാതെയാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ കുതിപ്പ്‌.

ഐഎസ്‌എലിൽ ആദ്യമായാണ്‌ ഈ നേട്ടം. ജയത്തോടെ എട്ട്‌ പോയിന്റുമായി അഞ്ചാമതെത്തി.മാറ്റങ്ങളുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ മുഹമ്മദൻസിനെതിരെ ഇറങ്ങിയത്‌. ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണ തിരിച്ചെത്തി. വലയ്‌ക്ക്‌ മുന്നിൽ സച്ചിൻ സുരേഷിന്‌ പകരം സോംകുമാർ. മധ്യനിരയിൽ മുഹമ്മദ്‌ അസ്‌ഹറും. ഡാനിഷ്‌ ഫാറൂഖും മിലോസ്‌ ഡ്രിൻസിച്ചും പുറത്തിരുന്നു.പ്രതിരോധത്തിൽ സന്ദീപ്‌ സിങ്‌, നവോച്ച സിങ്‌, പ്രീതം കോട്ടൽ, അലെക്‌സാൻഡ്രേ കൊയെഫ്‌ എന്നിവർ.

മധ്യനിരയിൽ ലൂണയ്‌ക്കൊപ്പം അസ്‌ഹർ, വിബിൻ മോഹനൻ. മുന്നേറ്റത്തിൽ രാഹുൽ കെപി, ഹെസ്യൂസ്‌ ഹിമിനെസ്‌, നോഹ സദൂയ്‌. മുഹമ്മദൻസിന്റെ വലയ്‌ക്ക്‌ മുന്നിൽ പാടം ഛേത്രിയായിരുന്നു. പ്രതിരോധത്തിൽ ഗൗരവ്‌ ബോറ, സോഡിങ്‌ലിയാന, ജോസഫ്‌ അദ്‌ജെയ്‌, സുയ്‌ഡിക്ക. മധ്യനിരയിൽ അംഗൗ, അലെക്‌സിസ്‌ ഗോമെസ്‌, ബികാഷ്‌ സിങ്‌, മിർജാലോൽ കാസിമോവ്‌, റെംസംഗ. മുന്നേറ്റത്തിൽ കാർലോസ്‌ ഹെൻറിക്വ ഫ്രാങ്കയും.

മികച്ച തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‌. ഒന്നിനു പിറകെ ഒന്നൊന്നായി ആക്രമണങ്ങൾ മെനഞ്ഞു. ഇടതുവശത്ത്‌ ലൂണ–സദൂയ്‌ സഖ്യം അപകടംവിതച്ചു. സദൂയിയുടെ തകർപ്പൻ നീക്കങ്ങൾ മുഹമ്മദൻസിന്റെ പ്രതിരോധനിരയെ പരീക്ഷിച്ചു. ഒരു തവണ പ്രീതം കോട്ടലിന്റെ ഗോൾശ്രമം പ്രതിരോധം തടഞ്ഞു. കൊയെഫിന്റെ ഹെഡറും തടഞ്ഞു. പത്താം മിനിറ്റിൽ സന്ദീപിന്റെ ലോങ്‌ റേഞ്ചർ ബാറിന്‌ മുകളിലൂടെ പറന്നു.

കളിഗതിക്കെതിരായി ഇരുപത്തെട്ടാംമിനിറ്റിൽ മുഹമ്മദൻസ്‌ ലീഡ്‌ നേടി. ഫ്രാങ്കയെ സോംകുമാർ വീഴ്‌ത്തിയതിന്‌ പെനൽറ്റി. കിക്ക്‌ എടുത്ത കാസിമോവ്‌ ലക്ഷ്യം കണ്ടു.അപ്രതീക്ഷിതമായി പിന്നിലായെങ്കിലും ബ്ലാസ്‌റ്റേഴ്‌സ്‌ പതറിയില്ല. ഇതിനിടെ സുയ്‌ഡിക്കയുമായി കൂട്ടിയിടിച്ച്‌ ലൂണയ്‌ക്ക്‌ തലയ്‌ക്ക്‌ പരിക്കേറ്റു. ബാൻഡേജ്‌ ഇട്ടായിരുന്നു ക്യാപ്‌റ്റൻ കളി തുടർന്നത്‌. മുപ്പത്തിനാലാം മിനിറ്റിൽ കളിയിലെ തകർപ്പൻ നീക്കം കണ്ടു.

നോഹയുടെ പാസ്‌ സ്വീകരിച്ച്‌ ബോക്‌സിന്റെ മധ്യഭാഗത്തേക്ക്‌ നീങ്ങിയ ഹിമിനെസ്‌ ഒന്നാന്തരം വോളി തൊടുത്തു. പോസ്‌റ്റിന്റെ മൂലയിൽ തട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ നോഹയുടെ ബോക്‌സിലേക്കുള്ള ക്രോസ്‌ ഗോൾ കീപ്പർ തട്ടിയകറ്റി. ഇടവേളയ്‌ക്കു പിരിയുന്നതിന്‌ തൊട്ടുമുമ്പ്‌ അസഹ്‌റിന്‌ പകരം ഡാനിഷ്‌ ഫാറൂഖ്‌ കളത്തിലെത്തി.ഇടവേളയ്‌ക്കുശേഷം നോഹയുടെ തകർപ്പൻ ലോങ്‌ റേഞ്ചർ ഗോൾ കീപ്പർ കുത്തിയകറ്റി.

അറുപതാം മിനിറ്റിൽ രാഹുലിന്റെ ഒന്നാന്തരം ത്രൂബോൾ ഹിമിനെസിന്‌ ബോക്‌സിനകത്തുനിന്ന്‌ പിടിച്ചെടുക്കാനായില്ല. പിന്നാലെ നോഹയുടെ ക്രോസിൽ സ്‌പാനിഷുകാരൻ തലവച്ചെങ്കിലും പുറത്തായി. ഇതിനിടെ രണ്ട്‌ മാറ്റങ്ങൾ ബ്ലാസ്‌റ്റേഴ്‌സ്‌ വരുത്തി. കൊയെഫിന്‌ പകരം പെപ്രയും രാഹുലിന്‌ പകരം ഹോർമിപാമും എത്തി. പെപ്രയുടെ വരവ്‌ കളിയിൽ വലിയ ചലനമുണ്ടാക്കി. മനോഹര നീക്കത്തിനൊടുവിലായിരുന്നു ഗോൾ.

വലതുഭാഗത്ത്‌ ലൂണയുടെ ക്രോസ്‌ പോസ്‌റ്റിന്റെ ഇടതുവശത്തുനിന്ന്‌ നോഹ തട്ടി. നേരെ പെപ്രയുടെ കാലിൽ. ഒഴിഞ്ഞ പോസ്‌റ്റിലേക്ക്‌ ഘാനക്കാരൻ അടിതൊടുത്തു. 70-ാം മിനിറ്റിൽ മറ്റൊരു സുവർണാവസരം. ഒറ്റയ്‌ക്ക്‌ ബോക്‌സിൽ കയറിയ നോഹയ്‌ക്ക്‌ ഗോൾ കീപ്പറെ മറികടക്കാനായില്ല.75-ാം മിനിറ്റിൽ ഹിമിനെസിന്റെ ഗോൾ പിറന്നു. നവോച്ചയുടെ ഒന്നാന്തരം ക്രോസിൽ മനോഹരമായി തലവച്ച്‌ സ്‌പാനിഷുകാരൻ ലീഡൊരുക്കി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts