ആശ്വാസ ജയത്തിനായി തൃശൂർ
തൃശൂരിന് നഷ്ടപ്പെടാനൊന്നുമില്ല. മലപ്പുറത്തിനാകട്ടെ ജയത്തിൽ കുറഞ്ഞതൊന്നും നിലനിൽപ്പിന് സഹായിക്കില്ല. സൂപ്പർലീഗ് കേരളയിൽ എട്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ന് മലപ്പുറം എഫ്.സിയും തൃശൂർ മാജിക് എഫ്.സിയും പന്തുതട്ടാനിറങ്ങുമ്പോൾ ആശ്വാസ ജയത്തിൽ മാത്രമാണ് തൃശൂർ കണ്ണുവയ്ക്കുന്നത്. ഏഴ് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായ തൃശൂരിന് സെമിയിലേക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പാണ്.
ഇന്ന് ജയിച്ചാൽ നാട്ടിലേക്ക് മടങ്ങുമ്പോൾ ഒരു കളി പോലും ജയിക്കാത്തവരെന്ന ചീത്തപ്പേര് മാറ്റാമെന്ന് മാത്രം. ഏഴ് മത്സരത്തിൽ രണ്ടു സമനിലയുമായി രണ്ടു പോയിന്റാണ് സമ്പാദ്യം. ബ്രസീൽ താരങ്ങളായ മാഴ്‌സലോ ടോസ്‌കാനോ, അലക്‌സ് സാന്റോസ്, യുൽബർ സിൽവ എന്നിവരാണ് തൃശൂരിന്റെ മുന്നേറ്റത്തിലെ വിദേശക്കരുത്ത്. ചില താരങ്ങൾ ടീമിനൊപ്പം ചേരാൻ വൈകിയതും തൃശൂരിന്റെ തകർച്ചക്ക് വേഗതയേറ്റി.
ഭാവി തുലാസിലായ മലപ്പുറത്തിന് ഇന്ന് ജയിച്ചേതീരൂ. അതും വലിയ മാർജിനിൽ തന്നെ ജയിക്കണം. എങ്കിലെ സെമിയിലേക്കുള്ള ടിക്കറ്റ് എടുക്കാൻ ക്യൂവിലെങ്കിലും ഇടം ലഭിക്കൂ. നേരത്തെ പയ്യനാട് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനിലയായിരുന്നു ഫലം. ഏഴു കളിയിൽ ഒരു ജയവുമായി ആറു പോയിന്റാണ് മലപ്പുറം എഫ്.സിക്കുള്ളത്. ഇന്ന് പരാജയപ്പെട്ടാൽ മലപ്പുറത്തിന് സെമിയിലേക്കുള്ള വഴിയടയും.
ഇനിയുള്ള കളികളിൽ വലിയ മാർജിനിൽ ജയിച്ചാൽ മാത്രമാണ് മലപ്പുറത്തിനു സാധ്യതയുള്ളൂ. മികച്ച ആരാധക പിന്തുണ ലഭിച്ചിട്ടും പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ മലപ്പുറം എഫ്.സിക്ക് സാധിച്ചില്ല. നായകൻ അനസ് എടത്തൊടികയടക്കം പ്രമുഖരായ ഏഴ് താരങ്ങൾ പരുക്കിന്റെ പിടിയിലാണ്. ടീമിനെ മലപ്പുറത്തെ കോച്ച് ജോൺ ഗ്രിഗറി എങ്ങനെ വിന്യസിക്കുമെന്നാണ് അറിയേണ്ടത്. പരുക്ക് മാറി ആരൊക്കെ കളത്തിലിറങ്ങുമെന്ന് ഇന്ന് രാവിലയെ തീരുമാനമാവൂ.
പകരക്കാരൻ നായകൻ ആൽഡലിർ, സ്പാനിഷ് താരം അലക്‌സിസ് സാഞ്ചസ്, ഫസലുറഹ്മാൻ തുടങ്ങിയവരിലാണ് ടീമിന്റെ പ്രത്രീക്ഷ. ബ്രസീലുകാരൻ ബാർബോസ, ഉറൂഗ്വെക്കാരൻ പെഡ്രോമാൻസി എന്നിവർക്ക് കീപൊസിഷനുകളുടെ ചുമതല നൽകിയാവും മലപ്പുറത്തിന്റെ തന്ത്രങ്ങൾ. സ്വന്തം ഗ്രൗണ്ടിൽ ആദ്യ വിജയം എന്ന വലിയ സ്വപ്നവും മലപ്പുറത്തിന് ബാക്കി കിടക്കുന്നുണ്ട്. ഒന്നാംസ്ഥാനത്തുള്ള കാലിക്കറ്റ് എഫ്.സിയാണ് സെമി ഉറപ്പിച്ച ഏക ടീം.
ഒരു ജയംകൂടി ഉണ്ടായാൽ കണ്ണൂർ വാരിയേഴ്‌സിനും സെമിയിലെത്താം. മൂന്നും നാലും സ്ഥാനത്തു നിൽക്കുന്ന ഫോഴ്‌സാ കൊച്ചിയും തിരുവനന്തപുരം കൊമ്പൻസുമാണ് ആദ്യ നാലിൽ ഇടംപിടിക്കാൻ പോരാടുന്നത്.