ഇന്ത്യക്ക് 184 റൺസ് തോൽവി
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം മത്സരത്തില്‍ ഓസീസിനു മുന്നില്‍ കീഴടങ്ങി ഇന്ത്യ. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ 184 റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം. ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യക്കു മുന്നില്‍ 340 റണ്‍സ് വിജയ ലക്ഷ്യമാണ് ആസ്‌ത്രേലിയ വെച്ചുനീട്ടിയത്. കൂറ്റന്‍ സ്‌കോറിനെതിരേ ഇന്ത്യ കരുതലോടെ കളിച്ചെങ്കിലും ദിവസം മുഴുവനാക്കാന്‍ കഴിയാതെ ഓള്‍ഔട്ടാവുകയായിരുന്നു. മുന്‍ നിര ബാറ്റര്‍മാരെല്ലാം പിടിച്ചു നില്‍ക്കാനാവാതെ ഓസീസിനു മുന്നില്‍ കീഴടങ്ങിയപ്പോള്‍ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ മാത്രമാണ് ഓസീസിനു വിലങ്ങു തടിയായത്. 208 പന്തുകള്‍ നേരിട്ട താരം 84 റണ്‍സെടുത്താണ് പുറത്തായത്. 104 പന്തില്‍ നിന്ന് 30 റണ്‍സുമായി റിഷഭ് പന്ത് ജയ്‌സ്വാളിന് പിന്തുണ നല്‍കിയെങ്കിലും ഒടുവില്‍ ഓസീസ് കെണിയില്‍ വീഴുകയായിരുന്നു. രോഹിത് ശര്‍മ(9), കെ.എല്‍ രാഹുല്‍(0), വിരാട് കോഹ്ലി(5), രവീന്ദ്ര ജഡേജ(2), നിതീഷ് കുമാര്‍(1), ആകാശ് ദീപ് (7), ജസ്പ്രിത് ബുംറ(0), മുഹമ്മദ് സിറാജ്(0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍.
ആസ്‌ത്രേലിയക്കായി പാറ്റ് കമ്മിന്‍സും സ്‌കോട് ബോളണ്ടും മൂന്നുവീതം വിക്കറ്റുകള്‍ വീഴ്ത്തി. നഥാന്‍ ലിയോണ്‍ രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രാവിസ് ഹെഡ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിങ്‌സിലും മൂന്ന് വിക്കറ്റ് നേടുകയും ബാറ്റിങ്ങിലും തിളങ്ങിയ ഓസീസ് ക്യാപ്റ്റന്‍ പാറ്റ കമ്മിന്‍സാണ് കളിയിലെ താരം.