ലോകകപ്പ് യോഗ്യാത മത്സരങ്ങളിൽ മുടന്തിയിരുന്ന ബ്രസീൽ ആത്മവിശ്വാസം വീണ്ടെടുത്ത് വിജയവഴിയിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന് പെറുവിനെ തോൽപിച്ചാണ് ബ്രസീൽ തിരിച്ചുവരവ് ആഘോഷമാക്കിയത്. ബാഴ്‌സലോണ മുന്നേറ്റതാരം റഫീഞ്ഞയുടെ ഇരട്ടഗോളിന്റെ കരുത്തിലായിരുന്നു ബ്രസീൽ മികച്ച ജയം നേടിയത്.ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരേ 2-1ന്റെയും പരാഗ്വക്കെതിരേ തോൽക്കുകയും ചെയത് ബ്രസീലിനെതിരേ കടുത്ത വിമർശനമുയർന്നിരുന്നു. ഇന്നലെ നേടിയ ജയത്തോടെ ബ്രസീൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ശക്തമായ സാന്നിധ്യമായി. 38ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽനിന്നായിരുന്നു ബ്രസീലിന്റെ ആദ്യ ഗോൾ വന്നത്.
റഫീഞ്ഞയായിരുന്നു ആദ്യ ഗോൾ കണ്ടെത്തിയത്. ആദ്യ പകുതിയില് ഒരു ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ച കാനറികൾ രണ്ടാം പരുതിയിലായിരുന്നു ബാക്കി മൂന്ന് ഗോളുകളും എതിർ വലയിലെത്തിച്ചത്. 54ാം മിനുട്ടിൽ വീണ്ടും ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത റഫീഞ്ഞക്ക് പിഴച്ചില്ല. സ്‌കോർ 2-0. രണ്ട് ഗോളിന്റെ ലീഡ് നേടിയതോടെ ബ്രസീൽ അക്രമം കടുപ്പിച്ചു. മത്സരം പുരോഗമിക്കവെ 71ാം മിനുട്ടിൽ ആന്ദ്രിയാസ് പെരേരയും ബ്രസീലിനായി ഗോൾ നേടി സ്‌കോർ 3-0 എന്നാക്കി. അധികം വൈകാതെ നാലാം ഗോളും നേടി ബ്രസീൽ ജയം ഉറപ്പിക്കുകയായിരുന്നു. 74ാം മിനുട്ടിൽ ലൂയീസ് ഹെന്റിക്കെയായിരുന്നു നാലാം ഗോൾ പെറുവിന്റെ വലയിലെത്തിച്ചത്. 69 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച ബ്രസീൽ 18 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ എട്ട് എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. അടുത്ത മാസം 15ന് വെനസ്വേലക്കെതിരേയാണ് ബ്രസീലിന്റെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം. 10 മത്സരത്തിൽനിന്ന് 16 പോയിന്റുള്ള ബ്രസീൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇപ്പോൾ.