സൂപ്പർ ലീഗ് കേരള
സൂപ്പർ ലീഗ് കേരളയിലെ നിർണായക മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയുടെ കണക്കൂകുട്ടലുകളും സമനിലയും തെറ്റിച്ച് തൃശൂർ മാജിക് എഫ്.സി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കാലിക്കറ്റ് എഫ്.സിയെ അവസാന മിനുട്ടിൽ നേടിയ ഗോളിൽ തൃശൂർ സമനിലയിൽ കുരുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യം രണ്ട് ഗോൾ നേടി കാലിക്കറ്റ് എഫ്.സി ലീഡ് നേടിയെങ്കിലും ശക്തമായി പൊരുതിയ തൃശൂർ തിരിച്ചുവന്ന് സമനില പിടിച്ചുവാങ്ങുകയായിരുന്നു.
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കാലിക്കറ്റ് മത്സരത്തിൽ ജയം തുടർന്ന് പട്ടികയിൽ സ്ഥാനം ഉറപ്പിക്കാനും സ്വന്തം തട്ടകത്തിൽ ആദ്യ ജയമെന്ന മോഹവുമായിട്ടായിരുന്നു ജിജോ ജോസഫിന്റെ നേതൃത്വത്തിൽ കളത്തിലിറങ്ങിയത്. എന്നാൽ കാലിക്കറ്റിന്റെ പ്രതീക്ഷകളെല്ലാം തൃശൂർ എഫ്.സി തകർക്കുകയായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകളും ആദ്യ ഗോളിനായി പരിമാവധി ശ്രമിച്ചു നോക്കിയെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.
അക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും കളംനിറഞ്ഞ് കളിച്ചു. ആദ്യ പകുതിയിൽ രണ്ട് വിങ്ങുകളിലൂടെയും തൃശൂർ എഫ്.സി കൂടുതൽ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. ഇപ്പുറത്ത് കാലിക്കറ്റ് എഫ്.സിയും മികച്ച മുന്നേറ്റങ്ങൾ നടത്തി. മുന്നേറ്റതാരം കെവിൻ ബെൽഫോർട്ടിനെ കത്രികപ്പൂട്ടിൽ വെച്ചതിനാൽ താരത്തിന് താരത്തിന് കൂടുതൽ നീക്കങ്ങളൊന്നും നടത്താൻ കഴിഞ്ഞില്ല.
ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. മത്സരത്തിലെ നാലു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 49ാം മിനുട്ടിൽ മുഹമ്മദ് റിയാസായിരുന്നു കാലിക്കറ്റിന്റെ ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ ലീഡ് നേടിയതോടെ ആവേശം വർധിച്ച കാലിക്കറ്റ് പിന്നീട് തൃശൂരിന്റെ പോസ്റ്റ് ലക്ഷ്യമാക്കി ശക്തമായ നീക്കങ്ങൾ നടത്തി. ഇടക്ക് മത്സരം പരുക്കനാവുകയും ചെയ്തു. പരുക്കൻ കളിയെ തുടർന്ന് കാലിക്കറ്റ് എഫ്.സി താരം റിച്ചാർഡിന് മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്തു.
തൃശൂർ എഫ്.സി സമനില ഗോളിനായി ശക്തമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നെങ്കിലും ശ്രമങ്ങളെല്ലാം വിഫലമായി. ഒടുവിൽ 81ാം മിനുട്ടിൽ കാലിക്കറ്റിന്റെ രണ്ടാം ഗോളും തൃശൂർ എഫ്.സിയുടെ വലയിലെത്തി. രണ്ട് ഗോൾ ലീഡ് നേടിയതോടെ വിജയം പ്രതീക്ഷിച്ച കാലിക്കറ്റിന് പിന്നീടായിരുന്നു തൃശൂർ കനത്ത തിരിച്ചടി നൽകിയത്. 91ാം ഫ്രീകിക്കിൽനിന്ന് റീ ബോണ്ട് വന്ന പന്തിനെ ഗോമസ് ഫിൽഹോ ലക്ഷ്യത്തിലെത്തിച്ച് തൃശൂരിന്റെ തിരിച്ചുവരവിനുള്ള സൂചന നൽകി.
ഒരു ഗോൾ മടക്കിയതോടെ ആത്മിവശ്വാസം വർധിച്ച തൃശൂർ പൊരുതിക്കൊണ്ടിരുന്നു. ഒടുവിൽ 97ാം മിനുട്ടിൽ ലഭിച്ച കോർണർകിക്കിൽനിന്നായിരുന്നു തൃശൂർ എഫ്.സിയുടെ സമനില ഗോൾ പിറന്നത്. ലൂക്കാസ് എഡ്വാർഡോയുടെ മികച്ചൊരു ഹെഡറിലൂടെയായിരുന്നു തൃശൂർ സമനില ഗോൾ നേടിയത്. മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. ആറു പോയിന്റുള്ള കാലിക്കറ്റ് എഫ്.സി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. അവസാന സ്ഥാനത്തുള്ള തൃശൂരിന് രണ്ട് പോയിന്റാണുള്ളത്.