ന്യൂസിലന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ വിജയവുമായി ശ്രീലങ്ക. 63 റണ്‍സിനാണ് ആതിഥേയരായ ലങ്കയുടെ ജയം. 275 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡ് 211 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് ലങ്കക്ക് ജയം സമ്മാനിച്ചത്. സ്കോര്‍ ശ്രീലങ്ക 305, 309, ന്യൂസിലന്‍ഡ് 340, 211.
207-8 എന്ന നിലയില്‍ അവസാന ദിവസം ക്രീസിലിറങ്ങിയ ന്യൂസിലന്‍ഡിന് മൂന്ന് റണ്‍സ് മാത്രമേ ഇന്ന് കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഒറ്റയ്ക്ക് പൊരുതി നിന്ന രചിന് രവീന്ദ്രയെ(92) പ്രഭാത് ജയസൂര്യ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കിവീസിന്റെ പോരാട്ടം അവസാനിച്ചു. അധികം വൈകാതെ പ്രഭാത ജയസൂര്യ തന്നെ വില്യം ഒറൂര്ക്കെയെ(0) ബൗള്‍ഡാക്കി ലങ്കയുടെ ജയം ഉറപ്പിച്ചു.
മത്സരത്തിലാകെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ പ്രഭാത് ജയസൂര്യയാണ് കളിയിലെ താരം. ഒന്നാം ഇന്നിംഗ്സില്‍ 35 റണ്‍സ് ലീഡ് നേടിയശേഷമാണ് കിവീസ് തോല്‍വി വഴങ്ങിയത്.
രണ്ടാം ഇന്നിങ്സില്‍ തുടക്കത്തിലെ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ(4) നഷ്ടമായിരുന്നു. ടോം ലാഥമും(28) കെയ്ന്‍ വില്യംസണും(30) ചേര്‍ന്ന് കിവീസിന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും രചിന് രവീന്ദ്രയും(92) ടെം ബ്ലണ്ടലുമൊഴികെ(30) പിന്നീടാരും കിവീസ് നിരയില്‍ പിടിച്ചു നിന്നില്ല. ഡാരില്‍ മിച്ചല്‍(8), ഗ്ലെന്‍ ഫിലിപ്സ്(4), മിച്ചല്‍ സാന്റ്നര്‍(2) , ക്യാപ്റ്റന്‍ ടിം സൗത്തി(2) എന്നിവരെല്ലാം നിരാശപ്പെടുത്തി.
30.4 ഓവറില്‍ 68 റണ്‍സ് വഴങ്ങിയാണ് പ്രഭാത് ജയസൂര്യ അഞ്ച് വിക്കറ്റ് നേടിയത്. ആദ്യ ഇന്നിങ്സില്‍ 40 ഓവറില്‍ 136 റണ്‍സ് വഴങ്ങി നാല് വിക്കറ്റും ജയസൂര്യ വീഴ്ത്തിയിരുന്നു.
പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച തുടങ്ങും.