ഇന്ത്യക്കെതിരേ ജയിച്ചു കളയാമെന്ന് ചിന്തിക്കുന്നതിന് മുൻപ് തന്നെ ബംഗ്ലാദേശിന്റെ വിജയമോഹങ്ങളെ തല്ലിക്കെടുത്തിയ ഇന്ത്യ ബംഗ്ലാദേശിനെതിരേയുള്ള ആദ്യ ടെസ്റ്റിൽ സ്വന്തമാക്കിയത് ഗംഭീര വിജയം. നിശ്ചയിച്ചതിലും ഒരു ദിവസം മത്സരം പൂർത്തിയാക്കി ഇന്ത്യ ബംഗ്ലാദേശിന് വിശ്രമത്തിന് കൂടുതൽ സമയം നൽകി. 280 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ അശ്വിന്റെ സെഞ്ചുറിയുടെ കരുത്തിൽ 376 റൺസായിരുന്നു ഇന്ത്യ സ്‌കോർ ചെയ്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ പൊരുതാൻ പോലും സമ്മതിക്കാതെയാണ് ഇന്ത്യ മടക്കി അയച്ചത്. തുടർന്ന് രണ്ടാം ഇന്നിങ്‌സിൽ ഋഷഭ് പന്തിന്റെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ 287 റൺസ് കണ്ടെത്തി. ആദ്യ ഇന്നിങ്‌സിലെ ബാക്കിയായ 227 റൺസും ചേർത്ത് 514 റൺസ് വിജയം ലക്ഷ്യം നൽകി ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. നാലു വിക്കറ്റ് നഷ്ടപ്പെട്ടപ്പോഴായിരുന്നു ഇന്ത്യ ഡിക്ലയർ ചെയ്തത്.
ബാക്കി സമയത്തിനുള്ളിൽ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ പിഴുതെടുക്കാൻ എന്ന കണക്ക്കൂട്ടലിലായിരുന്നു ഇന്ത്യ ഡിക്ലയർ ചെയ്തത്. കാര്യങ്ങൾ അതുപോലെ സംഭവിച്ചുവെങ്കിലും തുടക്കത്തിൽ ബംഗ്ലാദേശ് ഒന്ന് പ്രതിരോധിക്കാൻ നോക്കിയെങ്കിലും ശ്രമങ്ങളെയെല്ലാം ഇന്ത്യ തുടക്കത്തിൽതന്നെ തല്ലിക്കെടുത്തി. 62ാം റൺസിലെത്തിയപ്പോഴായിരുന്നു ബംഗ്ലാദേശിന്റെ ആദ്യ വിക്കറ്റ് വീണത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് കൊയ്ത് ഇന്ത്യ ജയം ഉറപ്പിക്കുകയായിരുന്നു.
ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ മാത്രമാണ് അൽപമെങ്കിലും പ്രതിരോധിച്ച് നിന്നത്. 127 പന്തിൽ 82 റൺസാണ് താരം നേടിയത്. ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറിയുമായി തിളങ്ങിയ അശ്വിനായിരുന്നു ബംഗ്ലാദേശിനെ എറിഞ്ഞിടുന്നതിൽ നേതൃത്വം നൽകിയത്. 21 ഓവറിൽ 88 റൺസ് വിട്ട് നൽകി ആറു വിക്കറ്റായിരുന്നു അശ്വിൻ പിഴുതെടുത്തത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ജസ്പ്രീത് ബുംറക്കായിരുന്നു ഒരു വിക്കറ്റ്.
ബംഗ്ലാദേശിനെതിരേയുള്ള ആദ്യ ടെസ്റ്റിൽ സ്വന്തം നാട്ടുകാർക്ക് മുന്നിൽ സെഞ്ചുറിയും ആറു വിക്കറ്റും നേടിയ ആർ. അശ്വിനായിരുന്നു ഇന്ത്യയുടെ വിജയശിൽപി. വെള്ളിയാഴ്ചയാണ് രണ്ടാം ടെസ്റ്റ്.