ഐ.എസ്.എല്ലിലെ ആദ്യ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ എഫ്.സി ഗോവക്ക് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പുർ എഫ്.സിയാണ് ഗോവയെ തോൽപിച്ചത്. സ്വന്തം ഗ്രൗണ്ടിൽ ജയിച്ചു തുടങ്ങാൻ ഇറങ്ങിയ ഗോവ മികച്ച നീക്കങ്ങളുമായി കളംവാണു കളിച്ചു. 63 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച ഗോവ 20 ഷോട്ടുകളായിരുന്നു എതിർ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
മത്സരത്തിൽ ആദ്യ പകുതിയുടെ അധിക സമയത്ത് അമാൻഡോ സാദിക്കുവായായിരുന്നു ഗോവക്കായി ആദ്യ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ജംഷഡ്പുർ തിരിച്ചുവരുകയായിരുന്നു. ഗോൾ മടക്കാനായി ജംഷഡ്പുർ കഠിന ശ്രമങ്ങൾ നടത്തി. ഒടുവിൽ 74ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഹാവിയർ സിവേറിയോ വലയിലെത്തിച്ചതോടെ മത്സരം സമനിലയിലായി. പിന്നീട് ഇരു ടീമുകളും വിജയഗോളിനായി പൊരുതിക്കളിച്ചു കൊണ്ടിരുന്നു.
ശക്തമായ പോരാട്ടത്തിനൊടുവിൽ 93ാം മിനുട്ടിലായിരുന്നു ജംഷഡ്പുരിന്റെ വിജയഗോൾ. ജോർദാൻ മറെയായിരുന്നു ജംഷഡ്പുരിന്റെ വിജയഗോൾ നേടിയത്. പിന്നീട് ഗോവക്ക് തിരിച്ചുവരാനുള്ള സമയം ലഭിക്കാത്തതിനെ ജംഷഡ്പുർ മത്സരത്തിൽ വെന്നിക്കൊടി പാറിക്കുകയായിരുന്നു. ലീഗിൽ ഇന്ന് മത്സരമില്ല.