Shopping cart

  • Home
  • Latest
  • 100 ഗ്രാം തൂക്കം തകർത്ത 140 കോടി നിറമുള്ള സ്വപ്നം
Latest

100 ഗ്രാം തൂക്കം തകർത്ത 140 കോടി നിറമുള്ള സ്വപ്നം

100 ഗ്രാം തൂക്കം
Email :76

ഒരു നാഴിക നേരംകൂടി പിന്നിട്ടാൽ ഇന്ത്യൻ കായിക ചരിത്രത്തിലെ പുതിയൊരു ചരിത്രവും,അധ്യായവും പിറവിയെടുക്കുന്നുവെന്ന സന്തോഷത്തോടെയായിരുന്നു കഴിഞ്ഞ ദിവസം കായിക പ്രേമികൾ നിദ്രയിലാണ്ടത്. എന്നാൽ നേരം പുലർന്നപ്പോൾ മനസ് തകരുന്ന വാർത്തയായിരുന്നു ഇന്ത്യൻ കായിക ലോകം കേട്ടത്. വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈൽ ഗുസ്തിയിൽ നിന്ന് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടിരുന്നു.

100 ഗ്രാം തൂക്കം അധികമായതാണ് അയോഗ്യതക്ക് കാരണം. സെമി ഫൈനലിൽ ശക്തയായ ക്യൂബൻ താരം യുസ്‌നെയ്‌ലിസ് ലോപ്പസിനെ അനായാസം തകർത്ത ഫോഗട്ട് ഇന്നലെ നടക്കുന്ന ഫൈനലിൽ എതിരാളിയെ കീഴടക്കുമെന്ന് തന്നെയായിരുന്നു കണക്കുകൂട്ടൽ. കാരണം ക്വാർട്ടറിലും സെമിയിലും വീഴ്ത്തിയത് ലോകത്തെ ഏറ്റവും മികച്ച താരങ്ങളെയായിരുന്നു. ഫൈനലിൽ വിനേഷിന് അത്ര ശക്തരല്ലാത്ത എതിരാളിയല്ല എന്നതിനാൽ സ്വർണം ഏറെക്കുറെ ഉറപ്പിച്ചിരുന്നു.

എന്നാൽ ഇന്ത്യക്കാരുടെ 144 കോടി നിറമുള്ള സ്വപ്‌നം തകർത്തത് ആ 100 ഗ്രാം തൂക്കമായിരുന്നു. ഇതോടെ ഇല്ലാതായത് ഇന്ത്യൻ ചരിത്രത്തിന്റെ ഒരു സുവർണ അധ്യായമായിരുന്നു. നേരത്തെ സമയത്തിന്റെ നൂറിലൊരംശം കൊണ്ട് ഒളിംപിക്‌സ് മെഡലുകൾ നഷ്ടമായ പറക്കും സിങ് എന്ന് അറിയപ്പെട്ടിരുന്ന മിൽഖ സിങ്, ഒളിംപ്യൻ പി.ടി ഉഷ എന്നിവരുടെ പട്ടികയിലേക്ക് 100 ഗ്രാം തൂക്കത്തതിന്റെ പേരിൽ ഒളിംപിക്‌സ് മെഡൽ നഷ്ടപ്പെട്ട വിനേഷ് ഫോഗട്ടിന്റെയും പേര് എഴുതിച്ചേർത്തിട്ടുണ്ട്.

ആദ്യമായിട്ടാണ് 50 കിലോ വനിതാ വിഭാഗം ഗുസ്തിയിൽ ഒരു ഇന്ത്യൻ താരം ഫൈനലിലെത്തുന്നതെന്ന നേട്ടം സ്വന്തമാക്കിയായിരുന്നു ഫോഗട്ട് സെമി ഫൈനലിന് ശേഷം ഗോധയിൽനിന്ന് മടങ്ങിയത്. എന്നാൽ നേരും ഇരുട്ടി വെളത്തപ്പോഴേക്കും തന്റെ സ്വപ്‌നങ്ങൾ പൊലിഞ്ഞു പോയി. കനൽപഥങ്ങൾ താണ്ടിയായിരുന്നു ഫോഗട്ട് പാരിസിലെ ഗുസ്തിയുടെ ഫൈനൽ വേദിയിലേക്കെത്തിയത്. അതുകൊണ്ടു തന്നെ താരത്തിന്റെ അയോഗ്യത ഇന്ത്യൻ ജനതക്ക് വിശ്വസിക്കാനേ ആകുന്നില്ല.

ഒരു വർഷം മുൻപ് ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണിനെതിരേ തെരുവിൽ സമരം നയിച്ച ഫോഗട്ട് 40 ദിവസമായിരുന്നു തെരുവിൽ കിടന്ന് പൊലിസിന്റെ ഇടിയും തൊഴിയും കൊണ്ടത്. തനിക്ക് കിട്ടിയ സ്വർണത്തേക്കാൾ തിളക്കമുള്ള മെഡലുകളെല്ലാം ഗംഗയിൽ ഒഴുക്കാൻ തീരുമാനിച്ചു. തുടർന്ന് കാലിലെ പരുക്ക്, ശസ്ത്രക്രിയ, അവിടെ നിന്ന് പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതാ ഗുസ്തി താരമായി പാരിസിൽ.

ഇവിടം കൊണ്ടും തീർന്നില്ല, ഫോഗട്ടിന്റെ പോരാട്ട വീര്യം. താൻ ഇഷ്ടപ്പെടുന്ന 53 കിലോ ഗ്രാം വിഭാഗത്തിൽ മത്സരിക്കാൻ ഹോർമോൺ സംബന്ധമായ പ്രശ്‌നങ്ങളുള്ളത് കാരണം തൂക്കം കുറച്ച് 50 കിലോ വിഭാഗത്തിലേക്ക് മാറി.രാജ്യത്തിന്റെ അഭിമാനമായി സ്വപ്‌നതുല്യമായ നേട്ടത്തിന് തൊട്ടരികിൽ നിൽക്കെയായിരുന്നു 100 ഗ്രാമിന്റെ രൂപത്തിൽ ഫോഗട്ടിന്റെയും ഇന്ത്യയുടെയും സ്വപ്‌നങ്ങൾ തകർന്നത്. ഫോഗട്ടിന്റെ ശരീരത്തിലെ അധികമുള്ള ആ 100 ഗ്രാം ഇനി ഇന്ത്യൻ കായിക ചരിത്രത്തിലെ എക്കാലത്തേയും നീറുന്ന ഓർമയാകും.

സ്വപ്‌നങ്ങൾ തകർന്നു, ഇനി കരുത്ത് ബാക്കിയില്ല, വിനേഷ് ഫോഗട്ട് വിരമിച്ചു

ഏറെ നേരത്തെ ആശങ്കകൾക്കും പ്രാർഥനകൾക്കുമൊടുവിൽ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. ഒളിംപിക്‌സിൽ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്. സെമിയിൽ ക്യൂബൻ താരത്തെ തോൽപിച്ച് ഫൈനലിൽ പ്രവേശിച്ച ഫോഗട്ട് സ്വർണമോ വെള്ളിയോ ഉറപ്പിച്ചതായിരുന്നു. എന്നാൽ ഫൈനലിന് മുന്നോടിയായി നടത്തിയ ഭാര പരിശോധനയിൽ 100 ഗ്രാം കൂടിതയതിനെ തുടർന്നായിരുന്നു ഫോഗട്ടിനെ അയോഗ്യയാക്കി പ്രഖ്യാപിച്ചത്.

തുടർന്നായിരുന്നു ഫോഗട്ടിന്റെയും ഇന്ത്യയുടെയും മെഡൽ മോഹം പൊലിഞ്ഞത്. ” എന്നോട് ക്ഷമിക്കൂ, എന്റെ സ്വപ്‌നങ്ങളെല്ലാം തകർന്നു, ഇനി പൊരുതുവാനുള്ള കരുത്തില്ല” ഫോഗട്ട് എക്‌സിൽ കുറിച്ചു. പിന്തുണച്ച എല്ലാവർക്കും നന്ദി, ഗുസ്തിയോട് വിട എന്നായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ച് ഫോഗട്ട് എക്‌സിൽ കുറിച്ചത്. ഗുസ്തിയിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരായിരുന്നു ഫോഗട്ടിന് പിന്തുണയുമായി രംഗത്തെത്തിയത്.

രാഷ്ടപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോഡി എന്നിവരുൾപ്പെടെ കായിക ലോകത്തെ പ്രമുഖരെല്ലാം ഫോഗട്ടിന് പിന്തുണ അറിയിച്ച് രംഗത്തെത്തി.
ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. ഇന്നലെ വൈകിയായിരുന്നു താരം വിരമിക്കുന്ന കാര്യം എക്‌സിൽ കുറിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts