പാരിസ് ഒളിംപിക്‌സിൽ വെങ്കല മെഡലുമായി കരുത്ത് തെളിയിച്ച ഇന്ത്യൻ ഹോക്കി ടീമിലെ നിർണായക സാന്നിധ്യമായി മലയാളി താരം പി.ആർ ശ്രീജേഷ്. ഇന്ന് നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ സ്‌പെയിനിനെ തകർത്തായിരുന്നു ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും ഹോക്കിയിൽ വെങ്കല മെഡൽ നേടിയത്. 2-1 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം സ്‌പെയിനായിരുന്നു ഗോൾ നേടിയതെങ്കിലും പിന്നീട് രണ്ട് ഗോൾ തിരിച്ചടിച്ച് ഇന്ത്യ തിരിച്ചുവരുകയായിരുന്നു. 18ാം മിനുട്ടിൽ മിറാല്ലസിന്റെ ഗോളിലായിരുന്നു സ്‌പെയിൻ മുന്നിലെത്തിയത്.
എന്നാൽ 30ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി കോർണർ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം സമനിലയിലായി. മത്സരം സമനിലായതോടെ ഇന്ത്യ പൊരുതിക്കളിച്ചു. അധികം വൈകാതെ ഇന്ത്യ രണ്ടാം ഗോളും മത്സരത്തിൽ ലീഡ് നേടി. 33ാം മിനുട്ടിൽ വീണ്ടും ക്യാപ്റ്റന്റെ വകയായിരുന്നു ഇന്ത്യയുടെ ഗോൾ. അവസാന ക്വാർട്ടറിൽ തകർപ്പൻ സേവുകളുമായി പ്രതിരോധക്കോട്ടക്കെട്ടിയ ശ്രീജേഷും മത്സരത്തിൽ നിർണായക സ്വാധീനം ചെലുത്തി.
ടോക്യോ ഒളിംപിക്‌സിൽ വെങ്കലം നേടിയ ശ്രീജേഷ് തുടർച്ചയായ രണ്ടാം ഒളിംപ്ക്‌സ് വെങ്കല മെഡലോടെയാണ് കരിയർ അവസാനിപ്പിക്കുന്നത്. 2004ൽ ഇന്ത്യയുടെ അണ്ടർ 21 ടീമിന്റെ ഗോൾവല കാത്തുകൊണ്ടായിരുന്നു ശ്രീജേഷ് രാജ്യന്തര മത്സര രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്.
പിന്നീട് 2006 മുതൽ ദേശീയ സീനിയർ ടീമിന്റെ കരുത്തുറ്റ കാവൽ ഭടനായി. പിന്നീട് തുടർച്ചയായ 18 വർഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്റെയും ഇന്ത്യയുടെയും സ്വപ്‌നങ്ങൾക്ക് കാവൽനിൽക്കുകയായിരുന്നു. സെമിയിൽ ജർമനിയോട് 1-2 എന്ന സ്‌കോറിന് പരാജയപ്പെട്ടതോടെയായിരുന്നു ഇന്ത്യ വെങ്കല മെഡൽ പോരാട്ടത്തിന് യോഗ്യത നേടിയത്.