മലയാളി താരം പി.ആർ ശ്രീജേഷിന്റെ കരുത്തിൽ ഒളിംപിക്‌സ് പുരുഷ ഹോക്കിയുടെ സെമി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ഇന്ന് നടന്ന ക്വാർട്ടറിൽ പത്തു പേരായി ചുരുങ്ങിയിട്ടും ബ്രിട്ടണ് മുന്നിൽ പിടിച്ചു നിന്ന ഇന്ത്യ പെനാൽറ്റിയിലായിരുന്നു ജയിച്ചു കയറിയത്. നിശ്ചിത സമയത്ത് 1-1ന് അവസാനിച്ച മത്സരത്തിൽ പെനാൽറ്റിയിൽ 4-2നായിരുന്നു ഇന്ത്യയുടെ ജയം. ക്വാർട്ടർ ഫൈനൽ ആയതിനാൽ ശ്രദ്ധയോടെയായിരുന്നു ഇന്ത്യ തുടങ്ങിയത്.
ആദ്യ ക്വാർട്ടറിൽ ഇരു ടീമുകൾക്കും ഗോളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ടാം ക്വാർട്ടറിൽ ഗോളിനുള്ള ശക്തമായ പോരാട്ടത്തിനിടെ ഇന്ത്യൻ താരം രോഹിത് ദാസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ ഇന്ത്യ പത്തു പേരായി ചുരുങ്ങി. പത്തു പേരായി ചുരുങ്ങിയിട്ടും പോരാട്ടം തുടർന്ന ഇന്ത്യ 22ാം മിനുട്ടിൽ ഗോൾ നേടി ബ്രിട്ടണെ ഞെട്ടിച്ചു. ഒരു ഗോൾ നേടിയതോടെ ഇന്ത്യക്ക് ആവേശം വർധിച്ചു. എന്നാൽ ഗോൾ തിരിച്ചടിക്കാൻ ബിട്ടൺ ശക്തമായ നീക്കങ്ങളുമായി ഇന്ത്യയുടെ ഗോൾമുഖത്ത് അക്രമം കടുപ്പിച്ചുകൊണ്ടിരുന്നു.
പക്ഷെ ഗോൾകീപ്പർ ശ്രീജേഷ് വൻമതിലായി നിന്നതോടെ ബ്രിട്ടന്റെ ഓരോ ഗോൾ ശ്രമങ്ങളും പരാജയപ്പെട്ടു. എന്നാൽ 27ാം മിനുട്ടിൽ ലീ മാർട്ടണിലൂടെ ബ്രിട്ടൺ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. മത്സരം സമനിലയിലായതോടെ പത്തു പേരുമായി ഇന്ത്യ പൊരുതിക്കൊണ്ടിരുന്നു. പിന്നീട് പലതവണ ബ്രിട്ടൺ ഇന്ത്യയുടെ ഗോൾ വല ലക്ഷ്യമാക്കി ഷോട്ടുകളുതിർത്തെങ്കിലും ശ്രീജേഷ് രക്ഷകനാവുകയായിരുന്നു. ഒടുവിൽ മത്സരം പെനാൽറ്റിയിലെത്തുകയായിരുന്നു.
പെനാൽറ്റിയിൽ ബ്രിട്ടന്റെ രണ്ട് ഷോട്ടുകളാണ് പാഴായത്. ഒരു ഷോട്ട് പുറത്തേക്ക് പോയപ്പോൾ മറ്റൊന്ന് ശ്രീജേഷ് തടഞ്ഞിടുകയായിരുന്നു. ഒടുവിൽ പെനാൽറ്റിയിൽ ഇന്ത്യ 4-2ന് ജയിച്ച് സെമി ഫൈനലിന് ടിക്കറ്റുറപ്പിക്കുകയായിരുന്നു.