സാധാരണ ഷൂട്ടർമാർ റേഞ്ചിലെത്തുന്നത് പോലെയായിരുന്നില്ല തുർക്കിയിൽനിന്നുള്ള 51 കാരൻ ഷൂട്ടർ യൂസഫ് ഡികേക്ക് ഒളിംപിക്‌സിന്റെ ഷൂട്ടിങ്ങിന്റെ മെഡൽ പോരാട്ടത്തിനെത്തിയത്. എല്ലാവരും പ്രത്യേകം സുരക്ഷയുള്ള വസ്ത്രമണിഞ്ഞ്, കണ്ണിനും കാതിനും സുരക്ഷയൊരുക്കിയാകും മത്സരവേദിയിലെത്തുക. എന്നാൽ ഇതൊക്കെ എന്ത് എന്ന തരത്തിലായിരുന്നു 10 മീറ്റർ മിക്‌സഡ് എയർ പിസ്റ്റൾ വിഭാഗത്തിൽ യൂസഫ് ഡികെക്ക് മത്സരിക്കാനെത്തിയത്.
കണ്ണിന് പ്രത്യേക ലെൻസില്ലാതെ, കണ്ണിന് പ്രത്യേക സുരക്ഷയില്ലാതെ, കൂളായി പോക്കറ്റിലും കൈയിട്ടായിരുന്നു യൂസഫ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത്. ഒളിംപിക്‌സിൽ ആദ്യമായിട്ടാണ് ഡികെക്ക് മെഡൽ നേടുന്നതെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഒരുപാട് മെഡൽ നേടിയിട്ടുള്ള താരമാണ് ഈ 51 കാരൻ. വിവിധ അന്താരാഷ്ട്ര ഷൂട്ടിങ് മത്സരങ്ങളിൽനിന്ന് പത്തു സ്വർണമാണ് യൂസഫ് തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ വെടിവെച്ചിട്ടത്.
11 വെള്ളി മെഡലും ആറു വെങ്കലമെഡയും അദ്ദേഹം നേടിയിട്ടുണ്ട്. ഡികെക്ക് മത്സരിക്കുന്ന വീഡോയോയും ഫോട്ടോയും ഇപ്പോൾ സോഷ്യൽ മിഡീയയിൽ വൈറലാണ്. ഇലോൺ മസ്‌ക്, രത്തൻ ടാറ്റ തുടങ്ങിവരുൾപ്പെടെയുള്ള പ്രമുഖർ ഇദ്ദേഹത്തിന്റെ മത്സരരീതിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഏതു വലിയ പോർമുഖത്താണെങ്കിലും കൂളാകണമെന്ന് സന്ദേശത്തോടെ പലരും എക്‌സിൽ യൂസഫിന്റെ ഫോട്ടോയും വീഡിയോയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.