ഒളിംപിക്‌സിനെത്തിയ ന്യൂസിലൻഡ് വനിതാ ഫുട്‌ബോൾ താരങ്ങൾ പരിശീലനം നടത്തുന്ന ഗ്രൗണ്ടിന് മുകളിലൂടെ കാനഡയുടെ പരിശീലകർ ഡ്രോൺ പറത്തിയതാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചയായിരിക്കുന്നത്. സംഭവം പുറത്തായതോടെ ഓരോ ദിവസവും കാനഡ ഫുട്‌ബോൾ ടീമിന് തിരിച്ചടികൾ കിട്ടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനമായി കാനഡ വനിതാ ഫുട്‌ബോൾ ടീമിന്റെ ആറു പോയിന്റ് കുറക്കാനാണ് ഫിഫ തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ പരിശീലകൻ ഇംഗ്ലണ്ടിൽനിന്നുള്‌ല ബെവ് പ്രീസ്റ്റ്മാനെ ഒരു വർഷത്തേക്ക് ഫിഫ വിലക്കുകയും ചെയ്തിട്ടുണ്ട്. കാനഡ ഫുട്ബാൾ അസോസിയേഷന് (സി.എസ്.എ) 1.89 കോടി രൂപ പിഴ ചുമത്താനും ഫിഫ ഉത്തരവിട്ടിട്ടുണ്ട്. അച്ചടക്ക ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫിഫയുടെ നടപടി. സംഭവം വിവാദമായ സമയത്ത് നേരത്തെ തന്നെ കാനഡ പ്രീസ്റ്റ്മാനെ പരിശീലന സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.
തുടർന്ന് കാനഡ ഒളിംപിക്‌സ് കമ്മറ്റി മാപ്പു പറയുകയും ചെയ്തിരുന്നെങ്കിവും വിഷയം ഇപ്പോഴും അവസാനിച്ചിട്ടില്ല. ടീം ഒഫീഷ്യൽസുകളായ ജോസഫ് ലൊംബാർഡി, ജാസ്മിൻ മാൻഡെർ എന്നിവർക്കും ഫിഫ ഒരു വർഷം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എതിർ ടീമിന്റെ പരിശീലന മൈതാനത്തേക്ക് ഡ്രോൺ പറത്തിയതിലൂടെ കാനട ഫുട്ബാൾ ടീം കടുത്ത ചട്ടലംഘനം നടത്തിയതായി ഫിഫ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കാനഡ ഫുട്ബാൾ ടീമിനൊപ്പമുള്ള സംഘത്തിലെ അംഗമാണ് ഡ്രോൺ പറത്തിയത്. പരിശീലന ദൃശ്യങ്ങൾക്ക് വേണ്ടിയാണിതെന്ന് ആരോപണമുയർന്നിരുന്നു. സംഭവത്തിൽ ന്യൂസിലൻഡ് കളിക്കാരോടും ഒളിംപിക് കമ്മിറ്റിയോടും മാപ്പുപറയുന്നതായി കനേഡിയ ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. കാനഡയുടെ ആറു പോയിന്റ് കുറച്ചതോടെ കാനഡ വനിതാ ഫുട്‌ബോൾ ടീമിന് ഒളിംപിക്‌സ് പ്രീ ക്വാർട്ടറിലെത്താനുള്ള സാധ്യത വളരെ കുറവാണ്.
ഗ്രൂപ്പ് എയിൽ ഫ്രാൻസ്, കൊളംബിയ, ന്യൂസിലൻഡ് എന്നിവർക്കൊപ്പമാണ് കാനഡയുള്ളത്. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ കാനഡ 2-1 എന്ന സ്‌കോറിന് ന്യൂസിലൻഡിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു. ഇനിയുള്ള രണ്ട് മത്സരത്തിലും മൂന്ന് പോയിന്റ് മാത്രമേ കാനഡക്ക് നേടാനാകൂ. അതിനാൽ കാഡനയുടെ വനിതാ ടീം ഗ്രൂപ്പ്ഘട്ടം കടക്കാനുള്ള സാധ്യത വളരെ കുറവാണ്. ലോകത്തെ ഏറ്റവും മികച്ച വനിതാ ഫുട്‌ബോൾ ടീമാണ് കാനഡയുടേത്. എന്നാൽ വിവാദത്തിൽ പെട്ടതോടെ അവരുടെ ഒളിംപിക്‌സ് മെഡൽ മോഹത്തിന് തിരിച്ചടിയായിരിക്കുകയാണിപ്പോൾ.