ഇന്ത്യന്‍ പരിശീലകന്‍ മനോല മാര്‍ക്കസിന്റെ ആദ്യ പരീക്ഷണത്തിന് തീയതി കുറിച്ച് എ.ഐ.എഫ്.എഫ്. സെപ്തംബറില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പാണ് മാര്‍ക്കസിന്റെ ആദ്യ വെല്ലുവിളി. ടൂര്‍ണമെന്റില്‍ സിറിയയും മൗറീഷ്യസുമാണ് ഇന്ത്യക്കൊപ്പം കളിക്കുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്തംബര്‍ രണ്ട് മുതല്‍ 10 വരെ ഹൈദരാബാദിലാണ് നാലാം ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് ടൂര്‍ണമെന്റ് നടക്കുന്നത്. 2018ലെ ഉദ്ഘാടന ടൂര്‍ണമെന്റിലും 2023ലും ഇന്ത്യ ചാംപ്യന്മാരായിരുന്നു. 2018ല്‍ മുംബൈയിലും 2019ല്‍ അഹമ്മദാബാദിലും 2023ല്‍ ഭുവനേശ്വറിലുമാണ് ടൂര്‍ണമെന്റ് നടന്നത്.
കിരീടം നിലനിര്‍ത്താനുറച്ചാണ് പുതിയ പരിശഈലകന് കീഴില്‍ ഇന്ത്യ ബൂട്ടണിയുക. ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങില്‍ സിറിയ 93ാമതും മൗറീഷ്യസ് 179ാമതുമാണ്. ഇന്ത്യ നിലവില്‍ 124ാം സ്ഥാനത്താണ് ഇന്ത്യ.ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിനു ശേഷം ഒക്ടോബറില്‍ ഒരു ത്രിരാഷ്ട്ര ടൂര്‍ണമെന്റും ഇന്ത്യ കളിക്കുന്നുണ്ട്. വിയറ്റ്‌നാമും ലെബനാനുമാണ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യക്കൊപ്പം മത്സരിക്കുക. വിയ്റ്റ്‌നാമിലാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റ് അരങ്ങേറുന്നത്.