ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള വനിതാ ടി20 പരമ്പര സമനിലയിൽ. ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ ഇന്ത്യ പത്തു വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തോൽപിച്ചതോടെയായിരുന്നു മത്സരം സമനിലയിലായത്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക12 റൺസിന് ജയിച്ചിരുന്നു. എന്നാൽ രണ്ടാം മത്സരം മഴകാരണം ഉപേക്ഷിക്കുകയായിരുന്നു.
ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ പത്തു വിക്കറ്റിന് ജയിച്ചതോടെയായിരുന്നു പരമ്പര സമനിലയിലായത്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 17.1 ഓവറിൽ 84 റൺസെടുത്ത് പുറത്തായി. ഇന്ത്യൻ താരങ്ങളുടെ കൃത്യതയോടെയുള്ള ബൗളിങ്ങായിരുന്നു ദക്ഷിണാഫ്രിക്കയെ പിടിച്ചു കെട്ടാൻ കാരണമായത്. മറുപടിക്കിറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 88 റൺസാണ് നേടിയത്.
23 പന്തിൽ 20 റൺസെടുത്ത ടാസ്മിൻ ബ്രിട്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. ദക്ഷിണാഫ്രിക്കൻ നിരയിൽ മൂന്ന് പേർ മാത്രമേ രണ്ടക്കം കടന്നുള്ളു. 3.1 ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പൂജ വസ്ത്രാകറാണ് ദക്ഷിണാഫ്രിക്കയെ തകർക്കാൻ നേതൃത്വം നൽകിയത്. രാധാ യാദവും മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
അരുദ്ധതി റെഡ്ഡി, ശ്രയങ്ക പാട്ടീൽ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റും സ്വന്തം പേരിലാക്കി. ലോറ വോൾവർട്ട് (9), മരിസെന്ന കാപ്പ് (10), അനകെ ബോസ്‌ക് (17), കോലെ ട്രിയോൺ (9), നദിൻ ഡെ ക്ലർക്ക് (0), ഡ്രക്‌സൺ (2), സിനോല ജഫ(8), മാരി മാർക്‌സ് (7), മലാബാ (0) എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കയുടെ മുറ്റു താരങ്ങളുടെ സ്‌കോറുകൾ. മറുപടിക്കിറങ്ങിയ ഇന്ത്യ 10.5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെയായിരുന്നു ലക്ഷ്യം മറികടന്നത്. 25 പന്തിൽനിന്ന് 27 റൺസുമായി ഷഫാലി വർമയും 40 പന്തിൽനിന്ന് 54 റൺസുമായി സ്മൃതി മന്ഥനയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.