വനിതാ ഫുട്‌ബോളിൽ മ്യാൻമാറിനെതിരേ ഇന്ത്യൻ വനിതകൾക്ക് തോൽവി. ഇന്ന് മ്യാൻമറിനെതിരേ നടന്ന സൗഹൃദ മത്സരത്തിൽ 2-1 എന്ന സ്‌കോറിനായിരുന്നു ഇന്ത്യയുടെ തോൽവി. ആശലതാ ദേവിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീമിൽ കൂടുതലും യുവതാരങ്ങളായിരുന്നു ഉൾപ്പെട്ടിരുന്നത്. ഗോകുലം കേരള താരം ഷിൽക്കി ദേവി, അഞ്ജു തമാങ് സൗമ്യ ഗുഗ്‌ലോത് തുടങ്ങിയ താരങ്ങളും ആദ്യ ഇലവനിൽ ഇന്ത്യക്കായി കളത്തിലിറങ്ങി.
എന്നാൽ 14ാം മിനുട്ടിൽതന്നെ മ്യാൻമർ ഇന്ത്യയുടെ പോസ്റ്റിൽ പന്തെത്തിച്ചു. വിൻ ടുൻ ആയിരുന്നു മ്യാൻമറിന്റെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി മ്യാന്മാർ മത്സരം അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 57ാം മിനുട്ടിൽ പ്രിയാ സാസയിലൂടെ ഇന്ത്യ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമം നടത്തി.
മത്സരം സമനിലയിലായതോടെ ഇരു ടീമുകളും പൊരുതിക്കളിച്ചുകൊണ്ടിരുന്നു. എന്നാൽ 74ാം മിനുട്ടിൽ മ്യാൻമാർ രണ്ടാം ഗോളും നേടി. സാൻ താവായിരുന്നു മ്യാൻമറിന്റെ രണ്ടാം ഗോൾ നേടിയത്. പിന്നീട് ഇന്ത്യക്ക് ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. ഇതോടെ മത്സരത്തിൽ ഇന്ത്യ തോൽവി സമ്മിതിക്കുകയായിരുന്നു. 12നാണ് മ്യാൻമാറിനെതിരേയുള്ള രണ്ടാം മത്സരം.