ടി20 ലോകകപ്പ് : ഇന്ത്യ ഫൈനലിൽ
ടി20 ലോകകപ്പ് ഫൈനലില്‍ കടന്ന് ഇന്ത്യ. സെമിഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ 68 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടി20 ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. 2007ലെ പ്രഥമ ലോകകപ്പില്‍ ചാംപ്യന്മാരായ ഇന്ത്യ 2014 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയോട് കീഴടങ്ങിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴിന് 171 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് 16.3 ഓവറില്‍ 103 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവിന്റെയും പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. അക്‌സര്‍ നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങിയപ്പോള്‍ കുല്‍ദീപ് 19 റണ്‍സാണ് വഴങ്ങിയത്. 19 പന്തില്‍ 25 റണ്‍സെടുത്ത ഹാരി ബ്രൂക്ക് ആണ് ഇംഗ്ലണ്ടിന്റെ ടോപ്‌സ്‌കോറര്‍. ജോസ് ബട്‌ലര്‍ 15 പന്തില്‍ 23 റണ്‍സെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് രോഹിത് ശര്‍മയുടെ ബാറ്റിങ്ങാണ് തുണയായത്. തുടക്കത്തില്‍ തന്നെ കോഹ്ലിയെ(9) നഷ്ടമായെങ്കിലും ഭയം തെല്ലുമില്ലാതെ ബാറ്റുവീശിയ രോഹിത് സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു. മൂന്നാമനായെത്തയ റിഷഭ് പന്തിനെ കാഴ്ചക്കാരനാക്കിയായിരുന്നു രോഹിതിന്റെ വിളയാട്ടം. അധികം വൈകാതെ പന്ത് മടങ്ങി. നാല് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. തുടര്‍ന്നെത്തിയ സൂര്യ രോഹിതിനൊത്ത പങ്കാളിയായതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വിയര്‍ത്തു. 50 പന്തില്‍ 73 റണ്‍സാണ് ഇരുവരും മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. അര്‍ധ സെഞ്ചുറിക്ക് പിന്നാലെ രോഹിത് വീണു. 39 പന്തില്‍ 57 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. രണ്ട് സിക്‌സറും ആറ് ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. സൂര്യകുമാര്‍ 36 പന്തില്‍ 47 റണ്‍സെടുത്തും പുറത്തായി. പിന്നീടെത്തിയ ഹര്‍ദിക് പാണ്ഡ്യ (13 പന്തില്‍ 23), രവീന്ദ്ര ജഡേജ (9 പന്തില്‍ 17), അക്‌സര്‍ പട്ടേല്‍ (6 പന്തില്‍ 10) എന്നിവരുടെ മികവിലാണ് ഇന്ത്യ 170 കടന്നത്. ആദ്യ പന്തില്‍ പൂജ്യനായി മടങ്ങിയ ശിവം ദുബെ വീണ്ടും നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.