എൻഗോളോ കാന്റെ
യൂറോ കപ്പിനുള്ള ടീം പ്രഖ്യാപന ശേഷം ദിദിയർ ക്ലോഡ് ദെഷാംപസ് എന്ന ഫ്രഞ്ച് പരിശീലകനെ നോക്കി പലരും നെറ്റി ചുളിച്ചിരിക്കാം. കാരണം രണ്ടു വർഷത്തിനു മുകളിൽ ദേശീയ ടീമിനു പുറത്തുള്ള ഒരാളെ ടീമിലേക്ക് തിരിച്ചു വിളിച്ചിരിക്കുന്നു. അതും യൂറോപ്പ് വിട്ട് സഊദി പ്രോ ലീഗിൽ കളിക്കുന്ന ഒരു മുപ്പത്തിമൂന്നുകാരനെ. പേര് എൻഗോളോ കാന്റെ.
എന്നാൽ യൂറോ കപ്പ് തുടങ്ങി ടീമിന്റെ രണ്ട് മത്സരം തീർന്നപ്പോഴേക്ക് തന്റെ തിരിച്ചുവരവിനെ സംശയത്തോടെ കണ്ടവർക്ക് കാന്റെ മറുപടി നൽകിയിരിക്കുന്നു. അതും രണ്ട് പ്ലയർ ഓഫ് ദ മാച്ച് അവാർഡിലൂടെ.പ്രീമിയർ ലീഗിൽ ചെൽസിയുടെ എൻജിനായിരുന്ന കാന്റെ 2022-23 സീസണിൽ പരുക്കേറ്റ് പുറത്തായിരുന്നു. ഒപ്പം മോശം ഫോമും.
ഖത്തർ ലോകകപ്പും കളിക്കാനായില്ല. സീസൺ അവസാനത്തോടെ ഫ്രീ ഏജന്റായ കാന്റെ സൗദി പ്രോ ലീഗിലേക്ക് ചേക്കേറുകയായിരുന്നു. യൂറോപ്പ് വിട്ടതോടെ കാന്റെ യുഗം അവസാനിച്ചെന്ന് കരുതിയവർക്കുള്ള മറുപടിയാണ് താരം ഈ യൂറോ കപ്പിലൂടെ നൽകി കൊണ്ടിരിക്കുന്നത്. ഫ്രഞ്ച് ടീമിനായി കളത്തിലിറങ്ങിയാൽ ഫ്രഞ്ച് ടീമിന്റെ എഞ്ചിനാരെന്ന് ചോദിച്ചാൽ ഒരേ ഒരുത്തരം മാത്രമേയുള്ളു.
അത് സാക്ഷാൽ കാന്റെ എന്നാകും. ഓസ്ട്രിയക്കെതിരായ ആദ്യ മത്സരത്തിൽ സെൽഫ് ഗോളിന്റെ ആനുകൂല്യത്തിലാണ് ഫ്രഞ്ച് പട ജയിച്ച് കയറിയതെങ്കിലും കളത്തിൽ കാന്റെ നിറഞ്ഞു നിന്നു. ഇന്നലെ നെതർലാൻഡ്‌സിനെതിരെയും വ്യത്യസ്തമായിരുന്നില്ല കാന്റെയുടെ പ്രകടനം. എംമ്പാപെയില്ലാത്ത ഫ്രഞ്ച് പടയിൽ കാന്റെ ജ്വലിച്ചു.
ഗോളെന്നുറപ്പിച്ച് എതിരാളികൾ തുടങ്ങുന്ന കൗണ്ടർ അറ്റാക്കുകളുടെ മുനയൊടിച്ച് ഒരു ഡിഫൻസീവ് മിഡ് ഫിൽഡറുടെ റോൾ എന്താണെന്ന് കാന്റെ ഈ യൂറോയിലും കാണിച്ചു തരുന്നു. ആവശ്യം വന്നപ്പോൾ തന്നെ തേടിയെത്തിയ പരിശീലകന്റെ മനം നിറക്കുകയാണയാൾ.
എല്ലാം അവസാനിച്ചെന്ന് കരുതിയിടത്ത് നിന്ന് ഒരു മരണ മാസ്സ് തിരിച്ചു വരവ്. കാന്റെ ഇത് താങ്കൾക്ക് മാത്രം കഴിയുന്നതാണ്…