യൂറോകപ്പിൽ പരുക്കേറ്റതോടെ സ്‌കോട്‌ലൻഡിന്റെ ആഴ്‌സനൽ താരം കെയ്‌റാൻ ടിയെനിക്ക് യൂറോ കപ്പ് നഷ്ടമാകും. രണ്ട് ദിവസം മുൻപ് സ്വിറ്റ്‌സർലൻഡിനെതിരേ നടന്ന മത്സരത്തിലായിരുന്നു താരത്തിന് പരുക്കേറ്റത്. മത്സരം 1-1 എന്ന സ്‌കോറിന് സമനിലയിൽ കലാശിച്ചിരുന്നു. പരുക്കേറ്റതിനെ തുടർന്ന് ടിയെനിയെ കളത്തിൽ നിന്ന് പിൻവലിച്ചിരുന്നു.
മത്സരത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളത്തിൽ കാര്യങ്ങൾ മോശമാണെന്നായിരുന്നു ടിയെനിയുടെ പരുക്കിനെ കുറിച്ച് ചോദിച്ചപ്പോൾ പരിശീലകൻ സ്റ്റീവ് ക്ലാർക്കെയുടെ മറുപടി. നിലവിൽ സ്‌കോട്‌ലൻഡിന്റെ യൂറോ കപ്പിൽ ക്യാംപിൽനിന്ന് താരത്തെ റിലീസ് ചെയ്തിട്ടുണ്ട്, കൂടുതൽ പരിശോധനകൾക്കായി ആഴ്‌സനലിന്റെ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സഹപരിശീലകൻ ജോൺ കാർവർ വ്യക്തമാക്കി.
ഹാം സ്ട്രിങ് ഇഞ്ചുറിയേറ്റ താരത്തിന് തിരിച്ചുവരവിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ ടിയെനിക്ക് ലീഗ് സീസൺ നഷ്ടമാകും. നിലവിൽ ലാലിഗ ക്ലബായ റയൽ സോസിഡാഡിന് വേണ്ടി ലോണിൽ കളിക്കുന്ന താരം ഈ സീസണോടെ ഗണ്ണേഴ്‌സിന്റെ തട്ടകത്തിലേക്ക് മടങ്ങാനായിരുന്നു പദ്ധതി ഇട്ടിരുന്നത്.

എന്നാൽ പരുക്ക് പറ്റിയതോടെ കാര്യങ്ങൾ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് സ്‌കോട്‌ലൻഡ് താരം. 2016 മുതൽ സ്‌കോട്‌ലൻഡിന്റെ ദേശീയ ടീമിലെ പ്രധാന താരമാണ് ടിയെനി. രാജ്യത്തിനായി 47 മത്സരം പൂർത്തിയാക്കി പ്രതിരോധ താരം ഒരു ഗോളും സ്വന്തം പേരിൽ ഏഴുതിച്ചേർത്തിട്ടുണ്ട്. ടീമിലെ പ്രധാന പ്രതിരോധ താരത്തിന് പരുക്കേറ്റത് അടുത്ത മത്സരത്തിൽ സ്‌കോട്‌ലൻഡിന് തിരിച്ചടിയാകും.
ആദ്യ മത്സരത്തിൽ ജർമനിക്കെതിരേ 5-1ന്റെ തോൽവി ഏറ്റുവാങ്ങിയ സ്‌കോട്‌ലൻഡ് രണ്ടാം മത്സരത്തിൽ സ്വിറ്റ്‌സർലൻഡിനെതിരേ സമനില പിടിച്ചിരുന്നു. നാളെ ഹംഗറിക്കെതിരേയാണ് സ്‌കോട്‌ലൻഡിന്റെ ടൂർണമെന്റിലെ അവസാന മത്സരം. ഗ്രൂപ്പ് എയിൽ രണ്ട് മത്സരത്തിൽനിന്ന് ഒരു പോയിന്റുള്ള സ്‌കോട്‌ലൻഡ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ സ്വിറ്റ്‌സർലൻഡ് തോൽക്കുകയും മികച്ച മാർജിനിൽ ഹംഗറിയെ തോൽപ്പിക്കുയും ചെയ്താൽ സ്‌കോട്‌ലൻഡിന് അടുത്ത റൗണ്ടിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്.