നിലപാട് വ്യക്തമാക്കി സാനിയ മിർസയുടെ പിതാവ്
ഒരു ഭാഗത്ത് ടി20 ലോകകപ്പ് അരങ്ങു തകർക്കുമ്പോൽ ഇപ്പുറത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയേയും ഇന്ത്യൻ ടെന്നിസ് താരമായ സാനിയ മിർസയേയും കുറിച്ചുള്ള സംസാരമാണ് പ്രധാനപ്പെട്ട വിഷയം. കാര്യം ഒന്നുമല്ല ഇന്ത്യൻ കായിക ലോകത്തെ പ്രധാനികളായ രണ്ടുപേർ വിവാഹഹിതരായെന്നാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയത്.
ഒടുവിൽ സംഭവം വിശദീകരിക്കാൻ സാനിയ മിർസയുടെ പിതാവ് തന്നെ നേരിട്ട് രംഗത്തെത്തേണ്ടി വന്നു. ‘ വാർത്ത അസംബന്ധമാണ്. ഇരുവരും ഇതുവരെ നേരിട്ടു കണ്ടിട്ടുപോലുമില്ല. സാനിയയുടെ പിതാവ് ഇമ്രാൻ വ്യക്തമാക്കി.സാനിയയും ഷമിയും വിവാഹിതരായി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം ചർച്ചയായത്. ഹജ്ജ് കർമങ്ങൾക്കായി സാനിയ മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു. ഈ സമയത്തായിരുന്നു വാർത്ത പരന്നത്. നിലവിൽ ഇരുവരും തനിച്ചാണ് കഴിയുന്നത്.
നേരത്തെ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക് സാനിയയെ കല്യാണം കഴിച്ചിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞിരുന്നു. 2018ൽ സാനിയക്കും മാലികിനും ആൺകുഞ്ഞ് പിറന്നിരുന്നു. ഇസാൻ എന്ന് പേരുള്ള മകൻ ഇപ്പോൾ സാനിയക്കൊപ്പമാണ് താമസം. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യയുമായി പിരിഞ്ഞാണ് താമസിക്കുന്നത്.
2014ലായിരുന്നു ഹസിൻ ജഹാനും ഷമിയും വിവാഹിതരായത്. പിന്നീട് 2018ൽ ജഹാൻ മുഹമ്മദ് ഷമിക്കെതിരേ പീഡന പരാതി ഫയൽ ചെയ്തിരുന്നു. എന്നാൽ പിന്നീട് ഷമി കോടതിയിൽനിന്ന് സ്‌റ്റേ വാങ്ങുകയായിരുന്നു. കാലിൽ പരുക്കേറ്റതിനാൽ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇല്ലാത്ത ഷമി വീട്ടിൽ വിശ്രമത്തിലാണിപ്പോൾ. നേരത്തെ ഷുഹൈബ് മാലിക്കിനൊപ്പമുള്ള സാനിയ മിർസയുടെ വിവാഹ ഫോട്ടോ എഡിറ്റ് ചെയ്ത് ഷമിയുടെ തല ചേർത്തുവെച്ചായിരുന്നു പ്രചാരണം നടത്തിയത്.