കോപാ അമേരിക്ക ടൂർണമെന്റിന് മുന്നോടിയായുള്ള സൗഹദ മത്സരത്തിനായി ലയണൽ മെസ്സിയും സംഘവും നാളെ പുലർച്ചെ 4.30ന് കളത്തിലിറങ്ങുന്നു. അമേരിക്കയിലെ ചിക്കാഗോയിലുള്ള സോൽജിയർ ഫീൽഡ് സ്‌റ്റേഡിയത്തിൽ ഇക്വഡോറിനെയാണ് അർജന്റീന നേരിടുന്നത്. കോപാ അമേരിക്കക്ക് മുന്നോടിയായി മാനസികമായും ശാരീരികമായും ഒരുങ്ങുന്നതിന് വേണ്ടിയാണ് അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നത്.
ഈ രണ്ട് മത്സരങ്ങളിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കോപാ അമേരിക്കക്കുള്ള ടീമിനെ ഒരുക്കാനാണ് സ്‌കലോനിയുടെ പദ്ധതി. നാള നടക്കുന്ന മത്സരത്തിൽ മെസ്സി കളിക്കുമെന്ന് പരിശീലകൻ സ്‌കലോനി വ്യക്തമാക്കി.
എന്നാൽ എത്ര സമയം താരം കളിക്കുമെന്ന കാര്യം സ്‌കലോനി വ്യക്തമാക്കിയില്ല. ചിലപ്പോൾ 30, അല്ലെങ്കിൽ 60 മിനുട്ട് മെസ്സി കളത്തിലുണ്ടാകും. മെസ്സിയെ കാണാനായി മത്സരത്തിനെത്തുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ലെന്നും സ്‌കലോനി വ്യക്തമാക്കി. 15ന് ഗ്വാട്ടിമലക്കെതിരേയാണ് അർജന്റീനയുടെ അടുത്ത സൗഹൃദ മത്സരം.
കോപക്ക് മുന്നോടിയായി ഏറ്റവും മികച്ച ടീമിനെ ഒരുക്കുന്നതിനാണ് ഇപ്പോൾ ടീം പ്രധാന്യം നൽകുന്നത്. നിലവിൽ ടീമിലുള്ളവരെല്ലാം മികച്ചവരാണ്. എന്നാൽ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാകും ടീമിലുള്ള സ്ഥാനം. സ്‌കലോനി കൂട്ടിച്ചേർത്തു.