പാകിസ്താനെതിരായ ടി20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാക് നായകന്‍ ബാബര്‍ അസം ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അയര്‍ലന്‍ഡിനെതിരായ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ഇന്ത്യ പാകിസ്താനെ നേരിടാനിറങ്ങുന്നത്. മഴമൂലം വൈകിയാണ് മത്സരത്തിന് ടോസിട്ടത്.
ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണ് ചിരവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ട് മുതലാണ് മത്സരം. ഗ്രൂപ്പ് എ യില്‍ അയര്‍ലന്‍ഡിനെതിരായ ആദ്യ മത്സരത്തിലെ വമ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാല്‍ അമേരിക്കയോടേറ്റ അപ്രതീക്ഷിത പരാജയത്തിന്റെ ഷോക്കിലാണ് പാകിസ്ഥാന്റെ വരവ്.
സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തണമെങ്കില്‍ ബാബര്‍ അസമിനും സംഘത്തിനും ഇന്ന് വിജയം അനിവാര്യമാണ്. അതിനാല്‍ എന്ത് വിലകൊടുത്തും ജയം കൈപിടിയിലൊതുക്കാനാവും പാക് പടയുടെ ശ്രമം.
സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെയും ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെയും തകര്‍ത്തുവിട്ട ഇന്ത്യ ഇന്ന് പാകിസ്ഥാനെയും അനായാസം മറികടക്കാമെന്ന കണക്കു കൂട്ടലിലാണ്.
എന്നാല്‍ ഏത് നേരത്ത് വിശ്വരൂപം പുറത്തെടുക്കാന്‍ ശേഷിയുള്ള പാകിസ്ഥാനെ നിസാരരക്കാന്‍ കഴിയില്ല. അതിനാല്‍ ജാഗ്രതയോടെ കളിച്ചില്ലെങ്കില്‍ രോഹിതിനും സംഘത്തിനും പണികിട്ടുമെന്നുറപ്പ്. അതിനാല്‍ ജാഗ്രതയോടെ എതിരാളികളെ കീഴ്പെടുത്താനാവും രാഹുല്‍ ദ്രാവിഡ് തന്ത്രം മെനയുക.
ഇന്ത്യന്‍ സംഘത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ സഞ്ജു സാംസണ്‍ ഇന്നും പുറത്തിരിക്കും. അയര്‍ലന്‍ഡിനെതിരേ നിരാശപ്പെടുത്തിയ വിരാട് കോഹ്ലി ഇന്ന് ഫോമിലെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. രോഹിതിന്റെ തകര്‍പ്പന്‍ ഫോമും ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷകള്‍ സജീവമാക്കുന്നും. ജസ്പ്രിത് ബുംറ നയിക്കുന്ന ബൗളിങ് നിരയും ശക്തമാണ്. അയര്‍ലന്‍ഡിനെതിരേ കളിയിലെ താരമായ ബുംറ ഇന്നും വിശ്വരൂപം പൂണ്ടാല്‍ പാക് പട അതിവേഗം പത്തിമടക്കേണ്ടി വരും.