വളരെ പെട്ടെന്നായിരുന്നു പരിശീലകനായിരുന്ന സാവിയെ പുറത്തക്കാൻ എഫ്.സി ബാഴ്‌സലോണ തീരുമാനമെടുത്തത്. നേരത്തെ ക്ലബിൽ തുടരാമെന്ന് അറിയിച്ച സാവി ഉടൻ തീരുമാനം മാറ്റി ക്ലബ് വിടുകയാണെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ എന്തുകൊണ്ടായിരുന്നു സാവി പെട്ടെന്ന് തീരുമാനം മാറ്റി ബാഴ്‌സയുടെ പരിശീലക സ്ഥാനത്തുനിന്ന് മാറിയത് എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല.
ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബാഴ്‌സലോണ ക്ലബ് പ്രസിഡന്റ് യുവാൻ ലെപോർട്ട. ‘ ക്ലബിന് ഏറ്റവും ബുദ്ധിമുട്ടുണ്ടായിരുന്ന സമയത്തായിരുന്നു സാവി ക്ലബിന്റെ പരിശീലക ചുമതല ഏറ്റെടുത്തത്. അത് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായകമായി. തുടർന്ന് ലാലിഗയലും സ്പാനിഷ് സൂപ്പർ കപ്പും നേടി. എന്നാൽ അവസാന സീസണിൽ കാര്യങ്ങൾ കരുതിയ പോലെ നടന്നില്ല.
എന്നിരുന്നാലും സാവിയെ നിലനിർത്താൻ തന്നെയായിരുന്നു തീരുമാനം. എന്നാൽ പെട്ടെന്ന് സീസൺ അവസാനിക്കാൻ ഒരുമാസം മുൻപായിരുന്നു സാവിയെ പുറത്താക്കാൻ കാരണമായ സംഭവമുണ്ടായത്. ടീമിന്റെ സ്ട്രങ്ത് കൂട്ടണമെന്ന ആവശ്യപ്പെട്ട് കൊണ്ട് അദ്ദേഹം രംഗത്തെത്തി. എന്നാൽ ഇത് പിന്നീട് ഞങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ച ഇല്ലായ്മയിലേക്ക് എത്തുകയായിരുന്നു.
ഈ സമയത്തും അദ്ദേഹം ക്ലബ് വിടുമെന്ന് പറഞ്ഞിരുന്നു. പക്ഷെ അപ്പോൾ ഞങ്ങൾ ചാംപ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ കളിക്കുന്ന സമയമായിരുന്നു. ഈ സമയത്ത് പരിശീലകനെ മാറ്റുന്ന കാര്യം പറഞ്ഞ് ടീമിനെ മാനസികമായി തകർക്കാൻ ഒരുക്കമല്ലാത്തത് കൊണ്ട് ഇക്കാര്യം രഹസ്യമായി വെക്കുകയായിരുന്നു. പിന്നീട് സീസൺ അവസാനത്തോടടുത്തപ്പോൾ ഞങ്ങൾ ഹാൻസി ഫ്ലിക്കുമായി സംസാരിച്ച് ധാരണയിലെത്തിയതിന് ശേഷം സാവിയോട് ടീം വിടാമെന്ന് അറിയിക്കുകയായിരുന്നു’ ലെപോർട്ട വ്യക്തമാക്കി. സീസണിൽ 85 പോയിന്റുമായി ലാലിഗയിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്‌സലോണ കിരീടമൊന്നുമില്ലാതെയാണ് സീസൺ പൂർത്തിയാക്കിയത്.