ഷഫാലിക്ക് ഇരട്ട സെഞ്ചുറി (205), മന്ഥനക്ക് സെഞ്ചുറി (149)
ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യ ടെസ്റ്റ് മത്സരത്തിലും മേധാവിത്തം പുലർത്തുന്നു. ഇന്ന് തുടങ്ങിയ ദക്ഷിണാഫ്രിക്കക്കെതിരേയുള്ള ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനംതന്നെ ഇന്ത്യ മികച്ച നിലയിലാണ്. ഒന്നാം ദിനം മത്സരം നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 525 എന്ന നിലയിലാണ് ഇന്ത്യ.
ഓപണർമാരായി ക്രീസിലെത്തിയ ഷഫാലി വർമയും സ്മൃതി മന്ഥനയും മികച്ച പ്രകടനമായിരുന്നു ഇന്ത്യക്കായി പുറത്തെടുത്തത്. 197 പന്തിൽ എട്ട് സിക്‌സറും 23 ഫോറും ഉൾപ്പെടെ 205 റൺസ് നേടിയാണ് ഷഫാലി പുറത്തായത്. ഷഫാലിയും മന്ഥനയും ചേർന്ന് 292 റൺസിന്റെ കൂട്ടുകെട്ടായിരുന്നു ഓപണിങ്ങിൽ സൃഷ്ടിച്ചത്. വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ ഓപണിങ്ങ് കൂട്ടുകെട്ടാണിത്.
ജമീമ റോഡ്രിഗ്രസിനൊപ്പം റണ്ണിന് ശ്രമിക്കുമ്പോൾ റണ്ണൗട്ടായിരുന്നു ഷഫാലി മടങ്ങിയത്. കൂട്ടിനുണ്ടായിരുന്ന മന്ഥനയും ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുകന്നതിനിടെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു.ഡൽമാരി ടക്കറിന്റെ പന്തിൽ ഡറക്‌സന് ക്യാച്ച് നൽകിയായിരുന്നു മന്ഥന മടങ്ങിയത്. 161 പന്ത് നേരിട്ട മന്ഥന ഒരു സിക്‌സറും 26 ഫോറും ഉൾപ്പെടെ 149 റൺസായിരുന്നു അടിച്ചെടത്തത്.
മന്ഥന പുറത്തായതിന് ശേഷം സതീഷ് സുഭ എത്തിയെങ്കിലും താരത്തിന് കൂടുതൽ സമയം ക്രീസിൽ നിൽക്കാൻ കഴിഞ്ഞില്ല. 27 പന്തിൽ 15 റൺസ് മാത്രമാണ് ശുഭ നേടിയത്. പിന്നീടായിരുന്നു ജമീമ ക്രീസിലെത്തിയത്. ശ്രദ്ധയോടെ കളിച്ച ജമീമ അർധ സെഞ്ചുറി തികച്ച് മൈതാനം വിട്ടു. 94 പന്തിൽനിന്ന 54 റൺസായിരുന്നു ജമീമയുടെ സമ്പാദ്യം.
പിന്നീട് ക്രീസിലൊരുമിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും റിച്ചഘോഷും ചേർന്ന് സ്‌കോർ ബോർഡ് പതിയെ ചലിപ്പിച്ചു. 76 പന്തിൽനിന്ന് 42 റൺസുമായി കൗറും 33 പന്തിൽ 43 റൺസുമായി റിച്ച ഘോഷുമാണ് ഇപ്പോൾ ക്രീസിലുള്ളത്. ഇന്നും ഇന്ത്യൻ ബാറ്റർമാർക്ക് മേധാവിത്തം പുലർത്തനായാൽ രണ്ടാം ദിനം ഇന്ത്യക്ക് കൂറ്റൻ സ്‌കോറിലെത്താൻ കഴിയും.