വിദ്യാർഥികൾക്ക് മാതൃകയായി ലാമിനെ യമാൽ
ഏതാനും ദിവസം മുൻപായിരുന്നു സ്‌പെയിനിന്റെ മുന്നേറ്റ താരം ലാമിനെ യമാൽ ഹോട്ടൽ മുറിയിൽ പഠിക്കുന്ന വാർത്ത നമ്മൾ വായിച്ചത്. യൂറോകപ്പ് മത്സരങ്ങൾക്കായി സ്പാനിഷ് ടീമിനൊപ്പം ജർമനിയിലെത്തിയ യമാൽ ദേശീയ ടീമിനൊപ്പം കളിക്കുന്നുണ്ടെങ്കിലും പഠനത്തിൽ ഒട്ടും പിറകിലല്ല. ലഭിക്കുന്ന അവസരത്തിലെല്ലാം ഹോം വർക്കും മറ്റും പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു താരം.
സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷനും യമാലിന്റെ സഹതാരങ്ങളുമായിരുന്നു യമാൽ പഠിക്കുന്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ചത്. എന്നാൽ ഇപ്പോൾ യമാലിനെ തേടി സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. യമാൽ സ്‌പെയിനിലെ നിർബന്ധിത വിദ്യാഭ്യാസമായ ഇ.എസ്.എയുടെ പരീക്ഷയാണ് ഇപ്പോൾ പാസായിരിക്കുന്നത്.
ഇനി യമാലിന് ഹൈസ്‌കൂൾ വിദ്യഭ്യാസത്തിന്റെ രണ്ട് വർഷംകൂടി പഠിക്കാനുണ്ട്. താരം ഇനി ഇതിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തും. അതേസമയം ബാഴ്‌സലോണ അക്കാദമി ഉത്പന്നമായ യമാലിന് താരത്തിന്റെ വിദ്യഭ്യാസം പൂർത്തിയാക്കാനുള്ള എല്ലാ സൗകര്യവും ലാമാസിയ ചെയ്തു കൊടുക്കുമെന്ന് ഫുട്‌ബോൾ എസ്പാന റിപ്പോർട്ട് ചെയ്യുന്നു.
തന്റെ സ്‌കൂളിലെ പരീക്ഷകളെല്ലാം പൂർത്തിയായതോടെ ഇനി സ്പാനിഷ് ടീമിനൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യമാലിന്റെ തീരുമാനം. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരത്തിലും ജയിച്ച സ്‌പെയിൻ ഇപ്പോൾ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് ജോർജിയക്കെതിരോയണ് സ്‌പെയിനിന്റെ പ്രീ ക്വാർട്ടർ മത്സരം. യൂറോ കപ്പിലെ കിരീടനേട്ടത്തിന് ശേഷം കോളജ് പഠനം പൂർത്തിയാക്കാനാകും യമാലിന്റെ തീരുമാനം.
നിങ്ങളുടെ മക്കൾ പഠിക്കുന്ന സമയത്ത് കളിച്ചു നടക്കുന്നുണ്ടോ?
എങ്കിൽ ഇതൊന്ന് വായിച്ച് കേൾപ്പിക്കണേ
എല്ലാ രക്ഷിതാക്കളുടെയും പരാതിയാണ് മക്കൾ പഠിക്കൻ വിട്ടാൽ വല്ലാത്ത കളിയാണെന്ന്. എന്നാൽ അത്തരക്കാർക്ക് ലാമിനെ യമാൽ എന്ന 16 കാരന്റെ കഥയൊന്ന് വായിച്ച് കേൾപ്പിക്കണം. 16ാം വയസിൽ തന്നെ ലോകത്തിലെ ഏറ്റവും ജനപിന്തുണയുള്ള ബാഴ്‌സലോണ ഫുട്‌ബോൾ ക്ലബിന്റെയും ഫുട്‌ബോൾ രാജാക്കൻമാരായ സ്‌പെയിൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ മുന്നേറ്റത്തെയും ധന്യമാക്കുന്ന ലാമിനെ യമാൽ എന്ന പയ്യൻ ഇപ്പോഴും വിദ്യാർഥിയാണ്.
യൂറോ കപ്പിൽ മത്സരിക്കുന്നിതിനായി സ്‌പെയിൻ ദേശീയ ടീമിനൊപ്പം യമാൽ ഇപ്പോൾ ജർമനിയിലാണുള്ളത്. ഈ സമയത്താണ് യമാലിന്റെ സ്‌കൂളിലെ പരീക്ഷ. എന്നാൽ യൂറോകപ്പാണെന്ന് വെച്ച് വെറും കളിയാകാതെ പഠിക്കാനും സമയം കണ്ടെത്തുകയാണ് യമാൽ. സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷനാണ് കളിക്കുകയും പഠിക്കുകുയം ചെയ്യുന്ന കുട്ടികൾ ലാമിനെ യമാലിനെ മാതൃകയാക്കണം എന്ന് പറഞ്ഞ് യമാലിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
സ്‌പെയിനിലെ ഇ.എസ്.ഒ നാലാം വർഷ വിദ്യാർഥിയാണ് യമാൽ. ഇതുമായി ബന്ധപ്പെട്ട ഹോം വർക്കാണ് ഇപ്പോൾ യമാൽ ജർമനിയിലെ ഹോട്ടൽ മുറിയിലുരന്ന് പൂർത്തിയാക്കുന്നത്. കളത്തിന് പുറത്താണെങ്കിൽ പൂർണമായും പഠിക്കാൻ സമയം കണ്ടെത്തുന്ന യമാൽ എല്ലാ കുട്ടികൾ മാതൃകയാണെന്നും പലരും ട്വിറ്ററിൽ കുറിച്ചു. വിദ്യാർഥി ആയത് കൊണ്ട് യൂറോ കപ്പിന് ശേഷം പഠിക്കാൻ വേണ്ടി യമാലിന് മൂന്നാഴ്ചത്തെ വിശ്രമവും ബാഴ്‌സലോണ ഫുട്‌ബോൾ ക്ലബ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ യമാൽ ഡാനി കാർവഹാലിന്റെ മൂന്നാം ഗോളിന് വഴിയൊരുക്കിരുന്നു. ഇതോടെ യൂറോ കപ്പിന്റെ ചരിത്രത്തിൽ അസിസ്റ്റ് നൽകുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ലാമിൻ സ്വന്തമാക്കി.ഏഴാം വയസിൽ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ യൂത്ത് അക്കാദമിയായ ലാ മാസിയയിലൂടെയായിരുന്നു ലാമിന്റെ ഫുട്‌ബോൾ യാത്രയുടെ തുടക്കം. 15ാം വയസിൽ ബാഴ്‌സലോണയ്ക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. മൊറോക്കോയിൽ നിന്നുള്ളയാളാണ് യമാലിന്റെ പിതാവ്. മാതാവ് ഗിനിയക്കാരിയും. ഇരുവരും ഇപ്പോൾ സ്‌പെയിനിലാണ് താമസം.