പോൾ പോഗ്ബ
ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും വിലപിടിപ്പുള്ളതും കൗശലക്കാരനുമായിരുന്ന പോൾ പോഗ്ബയെന്ന മിഡ്ഫീൽഡ് ജനറൽ ഇപ്പോൾ എവിടെയാണ്. ഏതാനും ദിവസം മുൻപായിരുന്നു പോഗ്ബയെ കുറിച്ച് ഒരു മാധ്യമം ഇങ്ങനെ എഴുതിയത്. ‘ ഞാൻ മരിച്ചു. പോഗ്ബ ഇനിയില്ല’ എന്നതായിരുന്നു ആ വാചകങ്ങൾ. ഇത് വാർത്തയായി വന്നതോടെ എന്താണ് പോഗ്ബക്ക് എന്തുപറ്റിയതെന്ന് ആശങ്കയിലാണ് ഫുട്‌ബോൾ ആസ്വാധകർ.
2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ഫ്രാൻസ് ലോകകിരീടത്തിൽ മുത്തമിടുമ്പോൾ പോഗ്ബയെന്ന കൗശലക്കാരാനയ മിഡ്ഫീൽഡറുടെ വിയർപ്പും അധ്വാനവും ആ കപ്പിലുണ്ടായിരുന്നു. പിന്നീട് ഒരുപാട് തവണ ഫുട്‌ബോൾ ആസ്വാദകർക്ക് കണ്ണഞ്ചിപ്പിക്കുന്ന നിമിഷം സമ്മാനിച്ച പോഗ്ബ പെട്ടെന്നായിരുന്നു ഫുട്‌ബോളിന്റെ മെയിൻ സ്ട്രീമിൽനിന്ന് മറഞ്ഞത്.
സത്യത്തിൽ എന്തായിരുന്നു പോഗ്ബക്ക് പറ്റിയത്. 2011ൽ ചുവന്ന ചെകുത്താൻമാർ എന്ന് വിശേഷിപ്പിക്കുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ മധ്യനിരയിൽ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടായിരുന്നു പോഗ്ബ ഫുട്‌ബോൾ ഫാൻസിന്റെ ഹൃദയത്തിലേക്ക് ഗോളടിച്ചു കയറിയത്. പന്ത് കാലിൽ ലഭിച്ചാൽ ഏറ്റവും അനുയോജ്യമായ സമയത്ത് അനുയോജ്യമായ സ്ഥലത്ത് ആ പന്തെത്തിക്കുന്നതിൽ പോഗ്ബയോളം മിടുക്കുള്ള മറ്റൊരു താരമുണ്ടായിരുന്നില്ല. തുടർന്ന് 2012ൽ യുനൈറ്റഡ് വിട്ട പോഗ്ബ പിന്നീട് ഇറ്റാലിയൻ കരുത്തൻമാരായ യുവന്റിസിലായിരുന്നു എത്തിയത്.
അവിടെയും തന്റെ പ്രതിഭ പ്രകടിപ്പിച്ച പോഗ്ബ വീണ്ടും പ്രീമിയർ ലീഗിലേക്ക് തന്നെ ചുവട് മാറി. തുടർന്ന് 2016 മുതൽ 2022വരെ വീണ്ടും ഓൾഡ് ട്രാഫോർഡിന്റെ മുറ്റത്ത് കവിത രചിച്ച താരത്തെ 2022 ആയപ്പോഴേക്കും ചെറിയ പരുക്കുകൾ വേട്ടയാടാൻ തുടങ്ങി. ശരീരം പരുക്കിനാൽ ദുരിതപൂർണമാകുന്നു എന്ന് മനസിലാക്കിയ പോഗ്ബ പിന്നെയും തന്റെ പഴയ തട്ടകമായ യുവന്റസിലേക്കായിരുന്നു ചേക്കേറിയത്. ഇവിടെ നിന്നായിരുന്നു പോഗ്ബയുടെ കരിയർ ഗ്രാഫ് കുത്തനെ താഴേക്കിറങ്ങിയത്.
2022 മുതൽ യുവന്റസിന്റെ താരമായ പോഗ്ബ എട്ടു മത്സരത്തിൽ മാത്രമേ യുവന്റസിന് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ളു. വിട്ടുമാറാത്തെ പരുക്ക് തന്നെയായിരുന്നു 31 കാരനായ പോഗ്ബക്ക് വിനയായത്. യൂറോപ്യൻ ഫുട്‌ബോളിൽ മിന്നി നിൽക്കേണ്ട സമയത്ത് പോഗ്ബയെ പരുക്ക് വലക്കുകയായിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ ദുരിതം തീർന്നില്ല. ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് യുവേഫ നാലു വർഷത്തെ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
എങ്കിലും ഈ വിലക്കിനെതിരേ താരം അപ്പീൽ നൽകിയിട്ടുണ്ട്. അതിന്റെ നടപടികൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം മുൻപ് ഗാർഡിയൻ നൈജീരിയ എന്ന ഓൺലൈൻ മാധ്യമത്തിലായിരുന്നു ഞാൻ മരിച്ചു, പോഗ്ബ ഇനിയില്ല എന്ന തരത്തിൽ പോഗ്ബയുടേതെന്ന പേരിൽ അഭിമുഖം പ്രത്യക്ഷപ്പെട്ടത്. ഒടുവിൽ സംഭവം വൈറലായപ്പോൾ പോഗ്ബ തന്നെ ഇൻസ്റ്റഗ്രാമിൽ മറുപടിയുമായി രംഗത്തി.
‘ ആരും വിഷമിക്കണ്ട. ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടെന്നായിരുന്നു പോഗ്ബ ഇൻസ്റ്റയിൽ കുറിച്ചത്. രണ്ട് വർഷം മുൻപ് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലെ ഏതാനും ചില വരികൾ അടർത്തി മാറ്റിയായിരുന്നു ഗാർഡിയൻ നൈജീരിയ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്തായിരുന്നാലും ഞാനും കുടുംബവും ഇപ്പോൾ ഫ്രാൻസിൽ സുഖമായിരിക്കുന്നുന്നെന്നും പരുക്ക് ഏറെക്കുറെ ഭേദപ്പെട്ടിട്ടുണ്ട്. വിലക്കിനെതിരേയുള്ള നിയമ നടപടികൾ പൂർത്തിയാക്കി ഉടൻ തിരിച്ചെത്തുമെന്നും പോഗ്ബ വ്യക്തമാക്കി.