ഐ.എസ്.എൽ സീസണിലെ കനത്ത തിരിച്ചടികൾക്ക് ശേഷം 12ാമത് സീസണിൽ ഉയർത്തെഴുന്നേൽപ്പ് ലക്ഷ്യമാക്കിയുള്ള നീക്കങ്ങൾക്ക് ബ്ലാസ്്‌റ്റേഴ്‌സ് തുടക്കം കുറിച്ചു. ചെറിയ കാലത്തിനുള്ളിൽ തന്നെ ബ്ലാസ്റ്റേഴ്‌സിൽ നിരവധി പരിശീലകരാണ് എത്തിയിട്ടുള്ളത്. പുതിയ പരിശീലകൻ എത്തുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗെയിം പ്ലാനുകളും നീക്കങ്ങളും എങ്ങനെ ആകുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പ്ലേ ഓഫ് കാണാതെ പുറത്തായ ടീമിന്റെ കൊഴിഞ്ഞുപോയ ആരാധകരെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾക്ക് തൊട്ടുപിന്നാലെ യൂറോപ്യൻ ഫുട്‌ബോളിൽ ദീർഘകാല അനുഭ സമ്പത്തുള്ള സ്പാനിഷ് ഫുട്‌ബോൾ താരമായ ഡേവിഡ് കറ്റാലയെ പുതിയ മുഖ്യപരിശീലകനായി നിയമിച്ചു. കറ്റാല ഉടൻ തന്നെ ക്ലബിന്റെ ഹെഡ്‌കോച്ചായി ചുമതലയേൽക്കും. 2026 വരെ ഒരു വർഷത്തേക്കുള്ള കരാറാണ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഇദ്ദേഹം ഒപ്പുവച്ചിരിക്കുന്നത്.
സ്‌പെയിൻ, സൈപ്രസ് രാജ്യങ്ങളിലായി അഞ്ഞുറിലേറെ പ്രൊഫഷണൽ ഫുട്‌ബോൾ മത്സരങ്ങളിൽ ഈ മുൻ മധ്യനിര പ്രതിരോധ താരം കളിച്ചിട്ടുണ്ട്. സൈപ്രിയോട്ട് ഫസ്റ്റ് ഡിവിഷൻ ലീഗിൽ എ.ഇ.കെ ലാർനക, അപ്പോളോ ലിമാസ്സോൾ എന്നീ ക്ലബുകളിലും ക്രൊയേഷ്യൻ ഫ്സ്റ്റ് ഫുട്‌ബോൾ ലീഗിൽ എൻ.കെ ഇസ്ത്ര 1961, പ്രൈമേര ഫെഡറേഷ്യനിൽ സിഇ സബാഡെൽ എന്നിവിടങ്ങളിലായിരുന്നു കറ്റാലയുടെ കോച്ചിംഗ് കരിയർ.
സാധാരണ രണ്ട് വർഷത്തേക്കാണ് മുഖ്യപരിശീലകരെ നിയമിക്കുന്നത്.എന്നാൽ ഒരു വർഷത്തേക്ക് മാത്രമാണ് മുൻ സ്പാനിഷ് പ്രതിരോധ താരവുമായി കരാർ. മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച്, ഒഡീഷ പരിശീലകൻ സെർജിയോ ലൊബേറ തുടങ്ങിയവരുടെ പേരുകൾ പരിശീലക സ്ഥാനത്തേക്ക് സജീവമായിരുന്നുവെങ്കിലും കറ്റാലയെ നിയമിക്കാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
12ാം സീസണിൽ എത്തിനിൽക്കുന്ന ഐ.എസ്.എലിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലിക്കുന്ന പതിനൊന്നാം പരിശീലകനാണ് ഡേവിഡ് കറ്റാല. കിബു വികുനക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകനാവുന്ന രണ്ടാമത്തെ സ്പാനിഷ് താരമാണ് കറ്റാല. ഐ.എസ്.എൽ തിരിച്ചടിയുടെ ക്ഷീണം മാറ്റിയെടുക്കാൻ സൂപ്പർ കപ്പിന് തയ്യാറെടുക്കുന്ന ടീമിനെ സജ്ജരാക്കുകയാണ് കറ്റാലയുടെ ആദ്യ ദൗത്യം.
മോശം പ്രകടനത്തെ തുടർന്ന് ഐ.എസ്.എൽ സീസൺ പകുതിയിൽ മുഖ്യ പരിശീലകൻ മിഖായേൽ സ്റ്റാറെയെ ക്ലബ്ബ് മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. ഈ ഒഴിവിലേക്കാണ് യുറോപ്യൻ കൽപന്തുകളിയിലെ അനുഭവ സമ്പത്തുമായി കറ്റാല എത്തുന്നത്.പരീശിലകർ വാഴാത്ത ടീമിനെ മുൻനിരയിലേക്ക് എത്തിക്കാനുള്ള പരീക്ഷണങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ തന്നെ വിജയം കാണണം.
ഡേവിഡ് ജെയിംസ്, പീറ്റർ ടെയ്‌ലർ, ടെറി ഫെലാൻ, സ്റ്റീവ് കോപ്പൽ, റെനി മൗളൻസ്റ്റീൻ, നെലോ വിൻഗാദ, എൽകോ ഷട്ടോരി, കിബു വികുന, ഇവാൻ വുകോമനോവിച്ച് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിലെ മറ്റു മുൻ പരിശീലകർ. കഴിഞ്ഞ തവണ പ്ലേഓഫിലെത്തിയ ടീം എട്ട് വിജയമുൾപ്പെടെ 29 പോയിന്റുമായി ഇത്തവണ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എപ്രിൽ അവസാന വാരം തുടങ്ങുന്ന സൂപ്പർകപ്പിലാണ് ഇനി ടീമിന്റെ പ്രതീക്ഷ.
പാതിവഴിയിൽ ഒഴിവാക്കപ്പെട്ട മിഖായേൽ സ്റ്റാറെയ്ക്ക് ശേഷം റിസർവ് ടീമിനെ നയിച്ചത് മുഖ്യപരിശീലകൻ തോമഷ് തൂഷ്, സഹപരിശീലകൻ ടി.ജി പുരുഷോത്തമൻ എന്നിവരായിരുന്നു.പുതിയ കോച്ചിലൂടെ ടീമിനെയും ആരാധകരെയും വീണ്ടെടുക്കാനാണ് ബ്ലാസ്‌റ്റേഴ്‌സ ലക്ഷ്യമിടുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സി.ഇ.ഒ ആയി അടുത്തിടെ നിയമിതനായ അഭിക്
ചാറ്റർജി, സി.ഒ.ഒ ഷുഷെൻ വഷിഷ്ഠ് എന്നിവർ പങ്കെടുത്ത ക്ലബ്ബിന്റെ ആദ്യ ഫാൻ അഡൈ്വസറി ബോർഡ് യോഗം കഴിഞ്ഞ ദിവസം കൊച്ചിയിൽ യോഗം ചേർന്ന്് മഞ്ഞപ്പടയെ തിരിച്ചുപിടിക്കാനുള്ള പദ്ധതികൾക്കും രൂപം നൽകിയിരുന്നു.