129 വിജയ ലക്ഷ്യം 65 പന്തിൽ മറികടന്ന് വെസ്റ്റ് ഇൻഡീസ്
അമേരിക്കയെ അടിച്ചൊതുക്കി ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ആദ്യ ജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഓപ്പണര്‍ ഷായ് ഹോപ്പ് വെടിക്കെട്ട് പ്രകടനം നടത്തിയ മത്സരത്തില്‍ അമേരിക്കക്കെതിരേ ഒന്‍പത് വിക്കറ്റിനായിരുന്നു വിന്‍ഡീസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 19.5 ഓവറില്‍ 128 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വെറും 10.5 ഓവറില്‍ ഒരു വിക്കറ്റ മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 55 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു വിന്‍ഡീസിന്റെ ജയം. 39 പന്തുകള്‍ നേരിട്ട് പുറത്താവാതെ 82 റണ്‍സാണ് ഷായ് ഹോപ് നേടിയത്. ഇതില്‍ എട്ട് സിക്‌സറുകളും നാല് ഫോറുകളും ഉള്‍പ്പെടും. ആദ്യ വിക്കറ്റില്‍ ജോണ്‍സണ്‍ ചാര്‍ല്‍സിനൊപ്പം 67 റണ്‍സാണ് ഹോപ് കൂട്ടിച്ചേര്‍ത്തത്. ചാര്‍ല്‍സ് 15 റണ്‍സെടുത്ത് പുറത്തായി. പിന്നീടെത്തിയ നിക്കോളാസ് പൂരന്‍ വന്നയുടനെ അടിതുടങ്ങി. 12 പന്തുകളില്‍ മൂന്ന് സിക്‌സറും ഒരു ഫോറും സഹിതം പുറത്താവാതെ 27 റണ്‍സാണ് പൂരന്‍ നേടിയത്.
നേരത്തെ ആദ്യം ബാറ്റുചെയ്ത അമേരിക്കന്‍ നിരയില്‍ ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല. 16 പന്തില്‍ 29 റണ്‍സെടുത്ത ആന്‍ഡ്രിസ് ഗോസ് ആണ് ടോപ്‌സ്‌കോറര്‍. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റോസ്റ്റണ്‍ ചേസാണ് അമേരിക്കയെ തകര്‍ത്തത്. ചേസ് തന്നെയാണ് കളിയിലെ താരവും. 3.5 ഓവറില്‍ 31 റണ്‍സ് വഴങ്ങി ആന്ദ്ര റസലും മൂന്ന് വിക്കറ്റ് വീഴ്ത്തി.
നിതീഷ് കുമാര്‍ (19 പന്തില്‍ 20), ആരോണ്‍ ജോണ്‍സ് (11 പന്തില്‍ 11), മിലിന്‍ഡ് കുമാര്‍ (21 പന്തില്‍ 19), ഷാഡ്‌ലി വാന്‍ സ്‌കാല്‍ക്വിക് (17 പന്തില്‍ 18), അലി ഖാന്‍ (6 പന്തില്‍ 14) എന്നിവരാണ് അമേരിക്കന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. വിന്‍ഡീസിനായി അള്‍സാരി ജോസഫ്‌രണ്ടും ഗുഡകേശ് മോട്ടി ഒരു വിക്കറ്റും വീഴ്ത്തി.
ജയത്തോടെ വിന്‍ഡീസ് ഗ്രൂപ്പ് രണ്ടില്‍ ദക്ഷിണാഫ്രിക്കക്ക് പിന്നില്‍ രണ്ടാമതെത്തി. ഇംഗ്ലണ്ടിനും രണ്ട് പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ബഹുദൂരം മുന്നിലാണ് വിന്‍ഡീസ്. ആദ്യ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇംഗ്ലണ്ടിനോട് കീഴടങ്ങിയ ആതിഥേയരുടെ അവസാന സൂപ്പര്‍ എട്ട് മത്സരം തിങ്കളാഴ്ച പുലര്‍ച്ചെ ദക്ഷിണാഫ്രിക്കക്കെതിരേയാണ്. നാളെ ഇംഗ്ലണ്ടിനെതിരേയാണ് അമേരിക്കയുടെ അവസാന സൂപ്പര്‍ എട്ട് മത്സരം.