കൊളംബിയ ഉറുഗ്വെ സെമി പോരാട്ടം
കോപാ അമേരിക്ക ഫുട്‌ബോൾ ടൂർണമെന്റിന്റെ കിരീടം മോഹിച്ച് രണ്ടാം സെമി ഫൈനലിൽ ശക്തരായ ഉറുഗ്വെയും കൊളംബിയയും നാളെ രാവിലെ കളത്തിലിറങ്ങുകയാണ്. ഗ്രൂപ്പ് സിയിൽനിന്ന് മൂന്ന് മത്സരത്തിലും ജയിച്ച് ഒൻപത് പോയിന്റ് നേടിയാണ് ഉറുഗ്വെ എത്തുന്നത്. ക്വാർട്ടറിൽ ബ്രസീലിനെ പെനാൽറ്റിയിൽ വീഴ്ത്തിയായിരുന്നു ഉറുഗ്വെ സെമി ഫൈനലിനുള്ള ടിക്കറ്റെടുത്തത്.
46ാം തവണ കോപാ അമേരിക്കയിൽ കളിക്കാനെത്തുന്ന ഉറുഗ്വെ 15 തവണ കിരീടം നേടുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഇന്ന് കൊളംബിയയെ വീഴ്ത്തി 16ാം കിരീടത്തിനടുത്താമെന്ന പ്രതീക്ഷയിലാണ് മാഴ്‌സലോ ബിയൽസയുടെ പടയാളികൾ കളത്തിലിറങ്ങുന്നന്നത്. എന്നാൽ എതിർ ഭാഗത്ത് നിൽക്കുന്ന കൊളംബിയയെ എഴുതിത്തള്ളാനാകില്ല.
തുടർച്ചയായ 27 മത്സരത്തിൽ തോൽവി അറിയാതെ കുതിക്കുന്ന കൊളംബിയയെ വീഴ്ത്തണമെങ്കിൽ ശക്തമായ നീക്കങ്ങൾ തന്നെ നടത്തേണ്ടി വരും. ഗ്രൂപ്പ്ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പരാഗ്വയെ 2-1ന് തോൽപിച്ച കൊളംബിയ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു കോസ്റ്റ റിക്കയെ തോൽപിച്ചത്.
തുടർന്ന് കാനറികൾക്കെതിരേയുള്ള മത്സരം 1-1ന് സമനിലയിൽ കലാശിക്കുകയും ചെയ്തു. ക്വാർട്ടറിൽ പനാമയായിരുന്നു കൊളംബിയയുടെ എതിരാളികൾ. പനാമയെ എതിരില്ലാത്ത അഞ്ചു ഗോളിന് തോൽപിച്ച കൊളംബിയ മികച്ച ഫോമിലാണ് അതിനാൽ നാളത്തെ രണ്ടാം സെമിയിൽ തീ പാറുന്നൊരു മത്സരം പ്രതീക്ഷിക്കാം. രാവിലെ 5.30നാണ് മത്സരം.
15 തവണയാണ് രണ്ട് ടീമുകളും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ ഏഴു തവണ ഉറുഗ്വെ ജയിച്ചു കയറിയപ്പോൾ മൂന്ന് മത്സരത്തിൽ മാത്രമായിരുന്നു കൊളംബിയ ജയിച്ചത്. അഞ്ച് മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴുള്ള കൊളംബിയ ശക്തരായതിനാൽ തീ പാറുന്ന മത്സരമായിരിക്കും നാളെ രാവിലെ അരങ്ങേറുക എന്ന കാര്യത്തിൽ സംശയമില്ല.