ലാലിഗിയിൽ ബാഴ്‌സലോണക്ക് അപ്രതീക്ഷിത തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ഒസാസുനയാണ് ബാഴ്‌സയെ മലർത്തിയടിച്ചത്. ഒസാസുനയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 2-4 എന്ന സ്‌കോറിനായിരുന്നു ബാഴ്‌സലോണയുടെ തോൽവി. മത്സരത്തിൽ 25 ശതമാനം മാത്രമേ ഒസാസുന പന്ത് കൈവശം വെച്ച് കളിച്ചിട്ടുള്ളുവെങ്കിലും നിർണായക സമയത്ത് ഗോൾ നേടാൻ അവർക്കായി. കിട്ടിയ അവസരമെല്ലാം കൃത്യമായി മുതലാക്കിയതായിരുന്നു ഒസാസുനക്ക് തുണയായത്.
18ാം മിനുട്ടിൽ അന്റെ ബഡിമിറിന്റെ ഗോളിലായിരുന്നു ഒസാസുന മുന്നിലെത്തിയത്. ഒരു ഗോൾ നേടിയതോടെ ഒസാസുന ബാഴ്‌സയെ സമ്മർദത്തിലാക്കിയതിനെ തുടർന്ന് അവർ ഉടൻ തന്നെ രണ്ടാം ഗോളും നേടി. 28ാം മിനുട്ടിൽ ബ്രയിൻ സരഗോസയായിരുന്നു ഒസാസുനയുടെ രണ്ടാം ഗോൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിച്ച ഒസാസുന രണ്ടാം പകുതിയിലായിരുന്നു രണ്ടാം ഗോൾ നേടിയത്.
എന്നാൽ രണ്ടാം പകുതിയിൽ ബാഴ്‌സ ഒരു ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമം നടത്തി. 53ാം മിനുട്ടിൽ പാവു വിക്ടറായിരുന്നു ബാഴ്‌സയുടെ ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ബാഴ്‌സ പോരാട്ടം ശക്തമാക്കിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയാവുകയായിരുന്നു. എന്നാൽ 72ാം മിനുട്ടിൽ ഒസാസുന മൂന്നാം ഗോൾ നേടിയതോടെ ബാഴ്‌സ പ്രതിരോധത്തിലായി.
അധികം വൈകാതെ ഒസാസുന നാലാം ഗോളും നേടി വിജയത്തിന്റെ സൂചന നൽകി. 85ാം മിനുട്ടിൽ ആബേൽ ബ്രറ്റോണസായിരുന്ന ഒസാസുനക്കായി നാലാം ഗോൾ നേടിയത്. എന്നാൽ തോൽവി ഒഴിവാക്കാൻ കാറ്റാലൻമാർ ശക്തമായ പോരാട്ടം പുറത്തെടുത്തെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു. ശതക്തമായ പോരാട്ടത്തിനൊടുവിൽ ബാഴ്‌സ 89ാം മിനുട്ടിൽ ഒരു ഗോൾ മടക്കി തോൽവിയുടെ ആഘാതം കുറച്ചു.
യുവതാരം ലാമിനെ യമാലായിരുന്നു ബാഴ്‌സലോണക്കായി രണ്ടാം ഗോൾ നേടിയത്. 75 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ച ബാഴ്‌സലോണ 12 ഷോട്ടുകൾ മാത്രമാണ് ഒസാസുനയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ ആറെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. ഒക്ടോബർ ആറിന് അലാവസിനെതിരേയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം. എട്ടു മത്സരത്തിൽനിന്ന് 21 പോയിന്റുള്ള ബാഴ്‌സലോണ തന്നെയാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 17 പോയിന്റുമുണ്ട്.