യുവേഫ ചാംപ്യന്‍സ് ലീഗിന്റെ പുതിയ സീസണിലേക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. മൊണോക്കോയിലെ ഗ്രിമാൾഡി ഫോറത്തിൽ നടന്ന ചടങ്ങിലായിരുന്നു പുതിയ സീസണ്‍ ചാംപ്യന്‍സ് ലീഗില്‍ മത്സരിക്കുന്ന ടീമുകളുടെ കാര്യത്തില്‍ തീരുമാനമായത്. പതിവില്‍നിന്ന് വിപരീതമായി ഇത്തവണ 36 ടീമുകളാണ് ചാംപ്യന്‍സ് ലീഗില്‍ മത്സരിക്കുന്നത്. അതിനാല്‍ ഇത്തവണ മത്സരത്തിന്റെ രീതിയിലും മാറ്റമുണ്ട്. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ക്ക് പകരം ലീഗ് അടിസ്ഥാനത്തിലാണ് ഇത്തവണ പ്രാഥമിക റൗണ്ട് മത്സരങ്ങൾ എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പകരം ഓരോ ടീമും പ്രാഥമിക റൗണ്ടില്‍ എട്ട് വ്യത്യസ്ത ടീമുകള്‍ക്കെതിരേ ഓരോ മത്സരം വീതം കളിക്കും. ഇതില്‍ നാലെണ്ണം ഹോം മത്സരവും നാലെണ്ണം എവേ മത്സരങ്ങളുമായിരിക്കും. തുടര്‍ന്ന് പോയിന്റ് ടേബിളില്‍ ആദ്യ എട്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്നവര്‍ നേരിട്ട് പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടും. ഒന്‍പത് മുതല്‍ 24 വരെ സ്ഥാനങ്ങളില്‍ വരുന്നവര്‍ പ്ലേ ഓഫ് കളിക്കണം. ഇതില്‍ നിന്ന് എട്ട് ടീമുകളും അവസാന പതിനാറിലേക്ക് കടക്കും. നറുക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ റയല്‍ മാഡ്രിഡിന് ലിവര്‍പൂള്‍, എ.സി മിലാന്‍, ജിറോണ എന്നിവരേയാണ് പ്രധാന എതിരാളികളായി ലഭിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇന്റര്‍ മിലാന്‍, പി.എസ്.ജി, യുവന്റസ് എന്നിവരാണ് പ്രധാന എതിരാളികളായി ലഭിച്ചത്. ബയേണ്‍ മ്യൂണിക്കിന് പി.എസ്.ജിയേയും ബാഴ്‌സലോണയേയും നേരിടേണ്ടി വരും.