കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് തുറന്ന കത്തെഴുതി ടീമിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ക്ലബ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള അയഞ്ഞ നിലപാടിനെതിരേയാണ് മഞ്ഞപ്പടയുടെ കത്ത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മഞ്ഞപ്പട കത്ത് പുറത്തുവിട്ടത്. പുതിയ താരങ്ങളെ തട്ടകത്തെത്തിക്കുന്ന കാര്യത്തിലടക്കം മാനേജ്‌മെന്റ് നിസംഗത പുലര്‍ത്തുന്നുവെന്നാണ് കത്തിലെ പ്രധാന ആരോപണം.
https://x.com/kbfc_manjappada/status/1829070116962926654
ക്ലബിനൊപ്പം ഒരുപതിറ്റാണ്ടിലേറെയായി അടിയുറച്ച് നില്‍ക്കുന്നവരാണ് മഞ്ഞപ്പട എന്ന ആമുഖത്തോടെയാണ് കത്ത് തുടങ്ങുന്നത്. ടീമിന് മികവിലേക്കുയരാന്‍ ആവശ്യമായ താരങ്ങളെ ക്ലബിലെത്തിക്കാന്‍ മാനേജ്‌മെന്റ് തയാറാകണമെന്നും ആവശ്യപ്പെട്ടു. മഞ്ഞപ്പട്ട ഒരു ആരാധക കൂട്ടം മാത്രമല്ല, ഞങ്ങള്‍ ഒരു കുടുംബമാണ്. ജീവിക്കുന്നതും ശ്വസിക്കുന്നതും ഈ ക്ലബിനുവേണ്ടിയാണ്. ഞങ്ങളുടെ ക്ഷമയും വിശ്വസ്തതയും അചഞ്ചലമാണ്, ഇത്രയധികം ചേര്‍ത്തുവെച്ച ക്ലബിന് ഞങ്ങളോട് വല്ല പ്രതിബദ്ധതയും ഉണ്ടോയെന്ന് അറിയണമെന്നും കത്തില്‍ പറയുന്നു.
ഉടന്‍ തുടങ്ങുന്ന ഐ.എസ്.എല്ലിന് മുന്നോടിയായി ടീമിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണണം, പുതിയ സീസണിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ടീമിലെ ആശങ്കകളെല്ലാം പരിഹരിക്കണം, ക്ലബിന്റെ പുതിയ സീസണിലേക്കുള്ള തയാറെടുപ്പുകളില്‍ ആശങ്കയുണ്ട്, താരങ്ങളെ ടീമിലെത്തിക്കുന്ന കാര്യം, അടിസ്ഥാന സൗകര്യങ്ങള്‍, താരങ്ങളെ വില്‍ക്കല്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ ക്ലബിന് വ്യക്തതയില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ മഞ്ഞപ്പട അസംതൃപ്തിയും നിരാശയും പങ്കുവെക്കുന്നതായും കത്തിലുണ്ട്.