കാലിടറി ബാഴ്‌സലോണ, ആഴ്‌സനലിന് സമനില
പുതിയ രീതിയിലേക്ക് മാറിയ ചാംപ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽതന്നെ തോറ്റ് ബാഴ്‌സലോണ. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ മൊണോക്കോയോടാണ് ബാഴ്‌സലോണ തോൽവി രുചിച്ചത്. 2-1 എന്ന സ്‌കോറിനായിരുന്നു കാറ്റാലൻമാരുടെ തോൽവി. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ മൊണോക്കോ തന്നെയായിരുന്നു മത്സരത്തിൽ മുന്നിട്ട് നിന്നത്. 18 ഷോട്ടുകളായിരുന്നു മൊണോക്കോ ബാഴ്‌സലോണയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്. അതിൽ എട്ട് എണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. സീസണിലെ ആദ്യ ജയം തേടിയായിരുന്നു ഇരു ടീമുകളും കളത്തിലിറങ്ങിയത്. എന്നാൽ മത്സരം പുരോഗമിച്ചുകൊണ്ടിരിക്കെ ബാഴ്‌സലോണയുടെ പോസ്റ്റിൽ മൊണോക്കോ പന്തെത്തിച്ചു. 16ാം മിനുട്ടിൽ മാഗ്നസായിരുന്നു മൊണോക്കോക്കായി ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ ബാഴ്‌സലോണക്ക് മേൽ ആധിപത്യം ഉറപ്പിക്കാൻ മൊണോക്കോക്ക് കഴിഞ്ഞു. ഒരു ഗോൾ വീണതോടെ ഗോൾ മടക്കാനായി ബാഴ്‌സലോണ ശക്തമായ നീക്കങ്ങളുമായി കളംനിറഞ്ഞ് കളിച്ചു. ഒടുവിൽ കാറ്റാലൻമാർ സമനില ഗോൾ നേടി.
28ാം മിനുട്ടിൽ ലാമിനെ യമാലായിരുന്നു ബാഴ്‌സോലണക്കായി സമനില ഗോൾ നേടിയത്. 10ാം മിനുട്ടിൽ തന്നെ എറിക് ഗാർസിയ ചുവപ്പ് കാർഡ് പുറത്തായത് ബാഴ്‌സലോണക്ക് തിരിച്ചടിയായി. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. എന്നാൽ രണ്ടാം പകുതിയിലും ശത്തമായി നീക്കങ്ങളുമായി കളംനിറഞ്ഞു കളിച്ച മൊണോക്കോ 71ാം മിനുട്ടിൽ രണ്ടാം ഗോളും നേടി. ജോർജി ലെങ്കേനയായിരുന്നു മൊണോക്കോയുടെ രണ്ടാം ഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ ആഴ്‌സനൽ ഇറ്റാലിയൻ ക്ലബായ അറ്റ്‌ലാന്റയോട് സമനിലകൊണ്ട് രക്ഷപ്പെട്ടു. അറ്റ്‌ലാന്റയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗോൾ രഹിതമായിട്ടായിരുന്നു മത്സരം അവസാനിച്ചത്. 2-1 എന്ന സ്‌കോറിന് അത്‌ലറ്റിക്കോ മാഡ്രിഡ് ആർ.ബി ലെപ്‌സിഗിനെ തോൽപിച്ചു. നാലാം മിനുട്ടിൽ ബെഞ്ചമിൻ സിസോക്കോയിലൂടെ ലെപ്‌സിഗ് ലീഡെടുത്തെങ്കിലും അത് നിലനിർത്താൻ അവർക്കായില്ല. 28ാം മിനുട്ടിൽ അന്റോയിൽ ഗ്രിസ്മാന്റെ ഗോളിൽ അത്‌ലറ്റിക്കോ സമനില കണ്ടെത്തി. മത്സരം സമനിലയായതോടെ ഇരു ടീമുകളും ജയത്തിനായി പൊരുതിക്കൊണ്ടിരുന്നു. 90ാം മിനുട്ടിൽ മരിയ ജിമെനസിന്റെ ഗോളിലായിരുന്നു അത്‌ലറ്റിക്കോ ജയം ഉറപ്പിച്ചത്. ഒക്ടോബർ ഒന്നിനാണ് ഇനി ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരം.