ഏറെക്കാലമായി എല്ലാവരുടെയും ഉള്ളിലുള്ള ചോദ്യമായിരുന്നു എന്തിനാണ് വിരാട് കോഹ്‌ലിയെ കിങ് കോഹ്‌ലി എന്നു വിളിക്കുന്നത്. അതിനുള്ള ഉത്തരം തന്റെ അവസാന ടി20 മത്സരത്തലൂടെ വിരാട് നൽകിയിരിക്കുന്നു. തുഴയൻ, ടി20ക്ക് പറ്റിയ ആളല്ല എന്നിങ്ങനെ തുടങ്ങുന്ന വിമർശനത്തിന്റെ കൂരമ്പുകൾക്ക് അദ്ദേഹം പകരാമായി കൊടുത്തത് ഒരു ടി20 ലോകകിരീടം.
പലപ്പോഴും തനിക്കെതിരേ വരുന്ന കൂരമ്പുകളെ വാക്കുകൾക്കൊണ്ട് കോഹ്‌ലി പ്രതിരോധിക്കാറില്ല. അതിനുള്ള മറുപടിയെല്ലാം പ്രവൃത്തിയിലൂടെ മാത്രം. ടി20 ലോകകപ്പിനുള്ള ടീം ഒരുക്കുന്ന സമയത്ത് കോഹ്‌ലിയെ കുറിച്ചായിരുന്നു പ്രധാന ചർച്ചയുണ്ടായിരുന്നത്. ടി20യിൽ കോഹ്‌ലിയുടെ മരുന്ന് തീർന്നിട്ടുണ്ട്, കോഹ്‌ലിക്ക് വെസ്റ്റ് ഇൻഡീസിലെ പിച്ചുകളിൽ കളിക്കാൻ കഴിയില്ലെന്നും പറഞ്ഞ് കുത്തുവാക്കുകൾ, ആരപോണങ്ങൾ എല്ലാത്തിനും ബാറ്റുകൊണ്ട് മറുപടി നൽകിയ കിങ് കോഹ്‌ലി ബാർബഡോസിലെ ഗ്രൗണ്ടിന്റെ നടുവിൽ കിരീടം പിടിച്ചുള്ള ആ നിൽപ്പ് മതി, എല്ലാ ചോദ്യശരങ്ങളുടെയും മുനയൊടിച്ചുള്ളതായിരുന്നു ആ നിൽപ്പ്.
ഫൈനലിന്റെ തുടക്കത്തിൽ ബാറ്റിങ് തകർച്ച നേരിട്ട ഇന്ത്യയെ കരകയറ്റിയത് കോഹ്‌ലിയുടെ അവസരോചിത ഇന്നിങ്‌സായിരുന്നു. 59 പന്തുകൾ നേരിട്ട കോഹ്‌ലി രണ്ട് സിക്‌സും ആറ് ഫോറുമടക്കം 76 റൺസെടുത്തു. മൂന്നിന് 34 റൺസെന്ന നിലയിൽ പതറിയ ഇന്ത്യയെ നാലാം വിക്കറ്റിൽ അക്‌സർ പട്ടേലിനെ കൂട്ടുപിടിച്ച് മികച്ച സ്‌കോറിലെത്തിച്ചതും കോഹ്‌ലിതന്നെ.
നിർണായകമായ 72 റൺസാണ് ഈ സഖ്യം ഇന്ത്യൻ സ്‌കോറിലേക്ക് ചേർത്തത്. ഇതോടെ ടി20 ലോകകപ്പ് ഫൈനലിൽ രണ്ടുതവണ അർധസെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും കോഹ്‌ലിക്ക് സ്വന്തമായി. അവസാനമായി സ്വന്തം രാജ്യത്തിന് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച് കോഹ്‌ലി ഇനി ടി20 ഫോർമാറ്റിൽ ഇന്ത്യക്കായി കളിക്കില്ലെന്ന് വ്യക്തമാക്കിയാണ് പാഡഴിക്കുന്നത്. വളർന്നുവരുന്ന യുവതാരങ്ങൾക്ക് ടി20യിൽ കഴിവ് തെളിയിക്കാൻ കഴിയട്ടെ എന്നും ആശംസിച്ചാണ് നികത്താനാകാത്ത വിടവ് ബാക്കിയാക്കി ഇന്ത്യൻ ടി20 ക്രിക്കറ്റിൽനിന്ന് വിരാട് എന്ന് വിനയാന്നിതനായ മനുഷ്യൻ നടന്നകലുന്നത്.