ഇന്ത്യൻ ടീമിന് ലഭിക്കുന്ന വലിയ സമ്മാനത്തുക
ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിന് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ബി.സി.സി.ഐ. ബി.സി.സി.ഐ സെക്രട്ടറി ജയ്ഷയാണ് പാരിതോഷികം നൽകുന്ന കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യൻ ടീമിന് 125 കോടി രൂപയാണ് ബി.സി.സി.ഐ സമ്മാനമായി നൽകുക. ട്വിറ്ററിലൂടെയായിരുന്നു ജെയ്ഷ ഇക്കാര്യം അറിയിച്ചത്.
ഐ.സി.സി പുരുഷ ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ജയ് ഷാ കുറിച്ചു. ടൂർണമെന്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചു. ടീമിലെ എല്ലാ താരങ്ങൾക്കും പരിശീലകർക്കും അഭിനന്ദനം അറിയിക്കുന്നതായും ജെയ്ഷ കുറിച്ചു.
ലോകകപ്പ് സ്വന്തമാക്കിയപ്പോൾ സംഘാടകരിൽനിന്ന് ഇന്ത്യക്ക് വലിയ തുക സമ്മാനമായി ലഭിച്ചിരുന്നു. ഫൈനലിൽ തോറ്റ ദക്ഷാണാഫ്രിക്കക്ക് 1.28 മില്യൺ ഡോളർ (ഏകദേശം10.67 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്. ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യക്കും കോടികൾ സമ്മാനമായി ലഭിച്ചു. 2.45 മില്യൺ ഡോളർ (ഏകദേശം 20.42 കോടി രൂപ) ആണ് ജേതാക്കളായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത്.
കിരീടം നേടിയ ഇന്ത്യക്കും റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്കക്കും പുറമെ സെമിയിൽ ഇന്ത്യയോട് പരാജയപ്പെട്ട ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട അഫ്ഗാനിസ്ഥാനും കോടികൾ വലിയ തുകയാണ് ഐ.സി.സി സമ്മാനമായി നൽകിയത്. ഇരു ടീമുകൾക്കും 787,500 ഡോളർ( ഏകദേശം 6.5 കോടി രൂപ) ആണ് സമ്മാനത്തുകയായി ലഭിച്ചത്.
കഴിഞ്ഞ ദിവസം നടന്ന കിരീടപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് വീഴ്ത്തിയായിരുന്നു ഇന്ത്യ രണ്ടാം ടി20 ലോകകപ്പ് കിരീടം നേടിയത്. 2013ൽ ചാംപ്യൻസ് ട്രോഫിക്ക് ശേഷം ആദ്യമായിട്ടാണ് ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്രധാനപ്പെട്ട ഒരു ടൂർണമെന്റിൽ കിരീടം നേടുന്നത്.