നാനൂറിലേറെ ഗോളുകള്‍, ഫിഫ ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട്, യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട്, പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ട്, ബുണ്ടസ് ലിഗ ഗോള്‍ഡന്‍ ബൂട്ട് – ആരും കൊതിക്കുന്ന വ്യക്തിഗത നേട്ടങ്ങള്‍, ഇതെല്ലാം ഒറ്റയ്ക്ക് നേടിയെടുത്ത ഒരാള്‍ക്ക് പറയാന്‍ പക്ഷെ പേരിനൊരു ട്രോഫി പോലുമില്ല. പറഞ്ഞുവരുന്നത് ഇംഗ്ലീഷ് ഫുട്‌ബോള്‍ നായകന്‍ ഹാരികെയ്‌നെ കുറിച്ച് തന്നെയാണ്.
വര്‍ത്തമാനകാല ഫുട്‌ബോളില്‍ തന്റെ പേരിനു നേരെ ഒരു കിരീടം ചേര്‍ത്തുവെക്കാനില്ലാത്ത ഹതഭാഗ്യന്‍. വ്യക്തഗത നേട്ടങ്ങള്‍ക്കൊണ്ട് ആകാശം മുട്ടെ വളര്‍ന്നിട്ടും ഒരു കിരീടമെന്ന സ്വപ്നം ഈ മുപ്പതുകാരന് ഇന്നും അന്യമാണ്. ആറു ഫൈനലുകളിലാണ് കെയ്ന്‍ ഇതുവരെ കപ്പിനും ചുണ്ടിനുമിടയില്‍ വീണുപോയത്. 2015ലെ ഇ.എഫ്.എല്‍ കപ്പ് ഫൈനല്‍, 2019 ചാംപ്യന്‍സ് ലീഗ് ഫൈനല്‍, 2021 ഇ.എഫ്.എല്‍ കപ്പ് ഫൈനല്‍, 2020 യൂറോ കപ്പ് ഫൈനല്‍, 2023 ജര്‍മന്‍ സൂപ്പര്‍ കപ്പ് ഫൈനല്‍, ഇപ്പോള്‍ 2024 യൂറോ ഫൈനല്‍ തുടങ്ങിയ കലാശപ്പോരുകളിലെല്ലാം കണ്ണീരോടെ മടങ്ങാനായിരുന്നു താരത്തിന്റെ വിധി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടോട്ടന്‍ഹാം ഹോട്‌സ്പറിന്റെ ഇതിഹാസതാരമായിരുന്നു കെയന്‍. പക്ഷെ ക്ലബ്ബിന് ഒരു ട്രോഫി നേടിക്കൊടുക്കുക എന്ന ആഗ്രഹം സഫലമാക്കാനാകാതെ കഴിഞ്ഞ സീസണില്‍ ടീം വിടാനായിരുന്നു താരത്തിന്റെ വിധി. ഇതു വരെ ട്രോഫികള്‍ കൊണ്ട് അമ്മാനമാടിയിരുന്ന ജര്‍മനിയിലെ ബയേണ്‍ മ്യൂണികിലേക്കായിരുന്നു ഹാരിയുടെ കൂടുമാറ്റം.
ബുണ്ടസ് ലിഗ സീസണില്‍ താരം മികച്ച പ്രകടനം തന്നെ നടത്തി. 36 ഗോളുകളാണ് കെയ്ന്‍ ലീഗില്‍ അടിച്ചു കൂട്ടിയത്. ക്ലബ്ബിനായി സീസണില്‍ ആകെ 45 മത്സരങ്ങളില്‍ നിന്ന് നേടിയത് 44 ഗോളുകള്‍.
എന്നാല്‍, ദുര്‍വിധി അവിടെയും അയാളെ പിന്തുടര്‍ന്നു. സീസണില്‍ ഒരു കിരീടം പോലും നേടാനാവാതെ ബയേണിന് സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നു.
ഇത്രയും വ്യക്തഗത നേട്ടങ്ങളുളള ഒരാള്‍ ഒരു കിരീടത്തിന് വേണ്ടി അലയുന്നത് നിസഹയതയോടെ നോക്കിനില്‍ക്കുകയാണ് ഫുട്‌ബോള്‍ ലോകം. കിരീങ്ങള്‍ക്ക് ഹാരി കെയ്‌നോടുള്ള അനിഷ്ടം മാറാന്‍ ഇനിയും കാത്തിരിക്കണം. കാത്തിരുന്നേ തീരു, ഒരിക്കല്‍ അയാളുടെ ദിവസവും വരും.