Shopping cart

  • Home
  • Cricket
  • ടി20 ലോകകപ്പ്: ഇന്ത്യയുടെ സെമി മോഹം തുലാസിൽ
Cricket

ടി20 ലോകകപ്പ്: ഇന്ത്യയുടെ സെമി മോഹം തുലാസിൽ

ഇന്ത്യയുടെ സെമി മോഹം തുലാസിൽ
Email :55

വനിതകളുടെ ടി20 ലോകകപ്പിൽ ആസ്‌ത്രേലിയക്കെതിതിരേ ഇന്ത്യക്ക് ഒൻപത് റൺസിന്റെ തോൽവി. ആദ്യം ബാറ്റു ചെയ്ത ഓസീസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു.
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ കഴിഞ്ഞുള്ളു. നായിക ഹർമൻ പ്രീത് കൗർ (54) അർധ സെഞ്ചുറിയുമായി മുന്നിൽനിന്ന് നയിച്ചെങ്കിലും ഇന്ത്യക്ക് ജയിക്കാൻ കഴിഞ്ഞില്ല.

ഇന്ത്യൻ ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞതോടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യക്ക് കഴിഞ്ഞു. 41 പന്തിൽ 40 റൺസ് നേടിയ ഓപണർ ഗ്രേസ് ഹാരിസാണ് ആസ്‌ത്രേലിയയുടെ ടോപ് സ്‌കോറർ. കൂട്ടിനുണ്ടായിരുന്ന ബെത് മൂണിയുടെ വിക്കറ്റാണ് കംഗാരുക്കൾക്ക് ആദ്യം നഷ്ടമായത്. രേണുക സിങ്ങിന്റെ പന്തിൽ രാധാ യാദവ് ക്യാച്ച് ചെയ്തായിരുന്നു മൂണി മടങ്ങിയത്. പിന്നീടെത്തിയ ജോർജിയ വെർഹാമിനെ റൺ ഒന്നും എടുക്കാൻ സമ്മതിക്കാതെ ഇന്ത്യ മടക്കി.

രേണുകയുടെ പന്തിൽ എൽ.ബി ഡബ്ലൂയായിട്ടായിരുന്നു മടക്കം. നായിക താലിയ മഗ്രാത് 26 പന്തിൽ 32 റൺസ് നേടിയപ്പോൾ 32 റൺസ് തന്നെയാണ് എല്ലിസ് പെറിയുടെ സമ്പാദ്യം. ഇന്ത്യക്കായി രേണുക സിങ് ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശ്രയങ്ക പാട്ടീൽ, പൂജ വസ്ത്രാകർ, രാധ യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി. എന്നാൽ മറുപടിക്കിറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.

തുടക്കത്തിൽ പ്രധാന ബാറ്റർമാരെല്ലാം മടങ്ങി. 13 പന്തിൽ 20 റൺസ് നേടിയ ഷഫാലി വർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. പിന്നീട് 12 പന്തിൽ ആറു റൺസുമായി എൽ.ബിയിൽ കുടുങ്ങി സ്മൃതി മന്ഥനയും മടങ്ങി. 12 പന്തിൽ നിന്ന് 16 റൺസെടുക്കാനേ ജമീമ റോഡ്രിഗസിന് കഴിഞ്ഞുള്ളു. 47 പന്തിൽ 54 റൺസുമായി ഹർമൻപ്രീത് കൗർ ഔട്ടാകാതെ നിന്നു. തോറ്റതോടെ ഇന്തയുടെ സെമി പ്രതീക്ഷ തുലാസിലായി. ഇന്ന് നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ തോൽപിച്ചാൽ ഇന്ത്യക്ക് സെമിയിലെത്താം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts