ക്രിക്കറ്റ് ആരാധകര്‍ക്ക് ഉല്ലാസരാവുകള്‍ സമ്മാനിച്ച് വീണ്ടുമൊരു ക്രിക്കറ്റ് ലോകമാമാങ്കം കൂടി വിരുന്നെത്തുകയാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നാളെ അമേരിക്കയും കാനഡയും കൊമ്പുകോര്‍ക്കും. ചരിത്രത്തിലാദ്യമായി 20 ടീമുകള്‍ പങ്കടുക്കുന്ന ലോകകപ്പ് എന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്.
11 വര്‍ഷമായി ഒരു ഐ.സി.സി കിരീടം കിട്ടാക്കനിയായ ഇന്ത്യന്‍ ടീം ഉറച്ച കിരീട പ്രതീക്ഷയോടെയാണ് ഇത്തവണ ലോകകപ്പിനെത്തിയിരിക്കുന്നത്. മികച്ച യുവതാരങ്ങള്‍ക്ക് അവസരം നല്കി മികച്ച സ്ക്വാഡിനെയാണ് ഇന്ത്യ അമേരിക്കയിലേക്കയച്ചിട്ടുള്ളത്. പാകിസ്താനടങ്ങുന്ന എ ഗ്രൂപ്പിലാണ് ഇന്ത്യയുടെ സ്ഥാനം. ടൂര്‍ണമെന്റിനു മുമ്പ് ഒരു സന്നാഹ മത്സരമാണ് ഇന്ത്യ കളിക്കുന്നത്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശാണ് പ്രതിയോഗികള്‍. ഇന്ത്യന്‍സമയം രാത്രി എട്ടുമുതല്‍ ന്യൂയോര്‍ക്കിലെ നസ്സാവു സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പില്‍ ഇന്ത്യയുടെ പ്രാഥമികമത്സരങ്ങള് ഇതേ സ്റ്റേഡിയത്തിലാണ്. ന്യൂയോര്‍ക്ക് സമയം രാവിലെ പത്തരയ്ക്ക് കളി തുടങ്ങും.
കഴിഞ്ഞ ദിവസം അമേരിക്കയിലെത്തിയ വിരാട് കോഹ്ലി മത്സരത്തില്‍ കളിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ മലയാളി താരം സഞ്ജു സാംസണ് മൂന്നാം സ്ഥാനത്ത് കളിക്കാന്‍ സാധ്യതയേറെയാണ്. ഓപ്പണിങ്ങില്‍ ക്യാപ്റ്റന്‍ രാഹിത് ശര്‍മക്കൊപ്പം യുവതാരം യശസ്വി ജയ്സ്വാള്‍ തന്നെയെത്തും. സൂര്യകുമാര്‍ യാദവ്, ശിവം ദുബെ റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരടങ്ങുന്ന മധ്യനിരയും ശക്തമാണ്. ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിങ് നിരയും യു.എസ്-കരീബിയന്‍ പിച്ചുകളില്‍ നിറഞ്ഞാടുമെന്നാണ് ആരാധക പ്രതീക്ഷകള്‍. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ബുംറക്കൊപ്പമുള്ള പേസര്‍മാര്‍. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമില്‍ സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായി സ്ഥാനം പിടിച്ചിട്ടുള്ളത്.
രണ്ടുമാസത്തിലേറെ ഐ.പി.എല്‍ കളിച്ചശേഷമാണ് ഇന്ത്യന്‍താരങ്ങള്‍ യു.എസിലേക്കു തിരിച്ചത്. തുടര്‍ച്ചയായി ഫ്ലഡ്ലൈറ്റില് കളിച്ചതിനാല്‍ പകല്‍വെളിച്ചത്തില്‍ കളിച്ചുശീലിക്കുക എന്നതിനാണ് ടീം പ്രാധാന്യംനല്‍കുന്നതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞു. രോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ച മുന്‍പ് യു.എസിലെത്തി പരിശീലനം തുടങ്ങിയിരുന്നു. ഐ.പി.എല്‍ പ്ലേ ഓഫില്‍ കളിച്ചവര്‍ പിന്നീട് ടീമിനൊപ്പം ചേര്‍ന്നു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍.