കന്നിക്കിരീടം തേടി ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും
വനിതാ ടി20 ലോകകപ്പിൽ ഇന്ന് ഫൈനൽപ്പോര്. കന്നിക്കിരീടം തേടി ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഇന്ന് ഷാർജയിൽ നേർക്കുനേർ വരുന്നത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമിയിൽ വെസ്റ്റ് ഇൻഡീസിനെ തകർത്താണ് ന്യൂസിലാൻഡ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ന്യൂസിലാൻഡിന്റെ 128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കരീബിയൻ ടീം 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 120 റൺസാണ് നേടിയത്. ഈഡൻ കാഴ്‌സന്റെ പിന്തുണയോടെ 12 വിക്കറ്റുകളുമായി അമേലിയ കെർ ന്യൂസിലൻഡിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈനലിന് മുന്നോടിയായി ക്യാപ്റ്റൻ സോഫി ഡിവിന് മികച്ച ആത്മവിശ്വാസമാണ് സമ്മാനിച്ചത്.
ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും ഇതുവരെ ഏകദിന, ടി20 ലോകകപ്പ് നേടിയിട്ടില്ല. ഇരുടീമുകളും ആദ്യമായി കിരീടം നേടാനുള്ള പരിശ്രമത്തിലാണ്. ന്യൂസിലൻഡ് 14 വർഷത്തിന് ശേഷമാണ് ഫൈനലിലെത്തുന്നത്. 2009, 2010 പതിപ്പുകളിൽ ടീം റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്തു. ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ആസ്‌ത്രേലിയിയെ കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ഫൈനലിലേക്ക് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകൾ 20 ഓവറിൽ അഞ്ചിന് 134 റൺസായിരുന്നു സ്വന്തമാക്കിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 17.2 ഓവറിൽ രണ്ട് വിക്കറ്റിന് 135 റൺസെടുത്താണ് വിജയം നേടിയത്. 2009നുശേഷം നടന്ന ഏഴ് വനിതാ ടി20 ലോകകപ്പുകളിൽ ആറെണ്ണത്തിലും ചാംപ്യൻമാരായത് ആസ്‌ത്രേലിയയാരുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം.