യൂറോകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെതിരേ സ്‌പെയിൻ തീതുപ്പുന്ന പ്രകടനവുമായി മുന്നേറുകയാണ്. ഗ്രൗണ്ടിനെ തീ പിടിപ്പിക്കുന്ന ആദ്യ പാദത്തിൽ സ്‌പെയിൻ 2-1 എന്ന സ്‌കോറിന് മുന്നിൽനിൽക്കുകയാണ്. എട്ടാം മിനുട്ടിൽ കിലിയൻ എംബാപ്പെയുടെ പാസിൽനിന്ന് കോലോ മൗനിയിലൂടെ ഫ്രാൻസായിരുന്നു മത്സരത്തിലെ ആദ്യ വെടിപൊട്ടിച്ചത്.
എന്നാൽ ആ ഗോളിന് അധിക ആയുസുണ്ടായില്ല. 21ാം മിനുട്ടിൽ ലാമിനെ യമാൽ എന്ന അത്ഭുത ബാലൻ മികച്ച സ്‌ട്രൈക്കിലൂടെ സ്‌പെയിനിനെ മുന്നിലെത്തിച്ചു. ഡി ബോക്‌സിന്റെ മുന്നിൽനിന്ന് പന്തുമായി വെട്ടിത്തിരിഞ്ഞ യമാൽ തന്റെ ഇടംകാലു കൊണ്ട് പന്തു കൃത്യമായി ഫ്രാൻസിന്റെ വലയിലെത്തിച്ചു. പന്ത് ഫ്രാൻസിന്റെ വലയിലെത്തിയതോടെ ഒരുപിടി റെക്കോർഡുകളുമായിരുന്നു യമാൽ സ്വന്തം പേരിൽ എഴുതിച്ചേർത്തത്.
ലോകകപ്പ്, കോപാ അമേരിക്ക, യൂറോകപ്പ് എന്നീ ടൂർണമെന്റുകളിൽ കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോർഡായിരുന്നു യമാൽ സ്വന്തമാക്കിയത്. 1958ൽ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡായിരുന്നു യമാൽ പുഷ്പം പോലെ മറികടന്നത്. യൂറോകപ്പിന്റെ സെമി ഫൈനലിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും യമാൽ സ്വന്തമാക്കി. വെറുതെ സ്‌കൂളും മുടക്കി വന്നതല്ല താനെന്ന് കാണിക്കുന്ന ക്ലാസിക് ടച്ചുകളായിരുന്നു ഗ്രൗണ്ടിൽ മുഴുവനും യമാലിന്റേത്.